പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തലസ്ഥാനത്തെ പ്രധാന വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 11 സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു.

നൈജര്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം,ഏറ്റുമുട്ടലില്‍ 35 പേര്‍ കൊല്ലപ്പെട്ടു; യുദ്ധ സമാനമായ ആക്രമണം നടന്നത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍



നിയാമി: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തലസ്ഥാനത്തെ പ്രധാന വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 11 സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ 22 ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നിയാമിയിലെ ദിയോറി ഹാമാനി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുദ്ധ സമാനമായ അക്രമ സംഭവം.

ഭീകരരുടെ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും ആയുധങ്ങളും വെടിക്കോപ്പുകളുമായി 20 ഓളം പ്രതികളെ അറസ്റ്റ് ചെയ്തതായും നൈജര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്താവള പരിസരത്ത് ശക്തമായ വെടിവെയ്പ്പും സ്‌ഫോടനങ്ങളും ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.

2023-ലെ സൈനിക അട്ടിമറിക്ക് ശേഷം ഭരണത്തിലുള്ള നൈജര്‍ സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചുകാലമായി മേഖലയിലെ ജിഹാദി സംഘങ്ങളുമായി അപ്രഖ്യാപിത യുദ്ധത്തിലാണ്. ഈ വര്‍ഷം ദിയോറി ഹാമാനി വിമാനത്താവളത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ജനുവരിയില്‍ നൈജറിന്റെ ഡ്രോണ്‍ താവളങ്ങളെ ലക്ഷ്യമിട്ട് സമാനമായ ആക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍-ഖ്വൊയ്ദ അനുബന്ധ സംഘടനയായ 'ജെ എന്‍ ഐ എം' ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

നൈജര്‍ വ്യോമസേനയുടെ താവളവും നൈജര്‍-ബുര്‍ക്കിന ഫാസോ-മാലി സംയുക്ത സൈനിക സഖ്യത്തിന്റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്നത് നിയാമിയിലെ ദിയോറി ഹാമാനി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. തന്ത്രപ്രധാനമായ ഈ സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഭീകരസംഘടനകള്‍ നിരന്തരം നീക്കങ്ങള്‍ നടത്തുന്നത് മേഖലയില്‍ വലിയ സുരക്ഷാ പ്രശ്‌നമാണ്.