വടകര അഴിയൂർ സ്വദേശി അൻസാർ (38) ആണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തിൽ കാൽപ്പാദം അറ്റുപോവുകയും കാൽമുട്ടിന് താഴെ ഗുരുതരമായി മുറിയുകയും ചെയ്തതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് ഉറങ്ങി; ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശി മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടയിൽ ഉറങ്ങിപ്പോയതിനെ തുടർന്ന് ട്രാക്കിലേക്ക് വീണ് യുവാവ് ദാരുണമായി മരണപ്പെട്ടു (Kozhikode train accident). വടകര അഴിയൂർ സ്വദേശി അൻസാർ (38) ആണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തിൽ കാൽപ്പാദം അറ്റുപോവുകയും കാൽമുട്ടിന് താഴെ ഗുരുതരമായി മുറിയുകയും ചെയ്തതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരം – മംഗലാപുരം ഏറനാട് എക്‌സ്പ്രസ് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ എത്താറായ സമയത്തായിരുന്നു നടുക്കുന്ന അപകടം നടന്നത്. യാത്രക്കാരുടെ തിരക്കുകാരണം ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന അൻസാർ ഉറങ്ങിപ്പോവുകയും പെട്ടെന്ന് നിയന്ത്രണം വിട്ട് പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ട്രെയിനിന്റെ അടിയിലേക്ക് വീണ ഇദ്ദേഹത്തിന്റെ ഒരു കാൽപ്പാദം പൂർണ്ണമായും വേർപെട്ടുപോയി.

അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ റെയിൽവേ പൊലീസും ആർ.പി.എഫും നാട്ടുകാരും ചേർന്ന് അതിവേഗം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടസ്ഥലത്തെ ട്രാക്കിൽ നിന്നും വേർപെട്ട നിലയിൽ കണ്ടെത്തിയ കാൽപ്പാദവും പിന്നീട് പൊലീസ് കണ്ടെടുത്തു. എന്നാൽ, ആഴത്തിലുള്ള മുറിവുകളും കടുത്ത രക്തസ്രാവവും കാരണം ചികിത്സയിലിരിക്കെ അൻസാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ട്രെയിനുകളിലെ വാതിൽപ്പടി യാത്രകൾ ഒഴിവാക്കണമെന്ന് റെയിൽവേ അധികൃതർ വീണ്ടും കർശന നിർദ്ദേശം നൽകി.