ഷാര്‍ജ: സമൂഹമാധ്യമമായ ടിക് ടോക്കിലെ വാക്‌പോരും തര്‍ക്കങ്ങളും ഒടുവില്‍ പ്രവാസി മലയാളി യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചു. കണ്ണൂര്‍ സ്വദേശി ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടി (ഇസ്മായില്‍ പൊന്നന്‍) ആണ് ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചത്. ഏറെ നാളായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇസ്മായില്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുള്‍പ്പെടെ നാല് മലയാളികളെ ഷാര്‍ജ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നടത്തിയ പ്രധാന പ്രതി കൊല്ലം സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.
ടിക് ടോക്കിലെ രണ്ട് മലയാളി ഗ്രൂപ്പുകള്‍ തമ്മില്‍ ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത തര്‍ക്കങ്ങളാണ് ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവിഭാഗവും തമ്മിലുള്ള പോര് കഴിഞ്ഞ ദിവസം രാത്രിയോടെ അതിരൂക്ഷമാവുകയും പരസ്പരം തെറിവിളികളിലേക്കും വെല്ലുവിളികളിലേക്കും നീങ്ങുകയുമായിരുന്നു. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് ഇരുഗ്രൂപ്പുകളും തമ്മില്‍ നടത്തിയ ലൈവ് കൊലവിളിയുടെയും വെല്ലുവിളികളുടെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്.
ടിക് ടോക്കിലെ ഈ വെല്ലുവിളിക്ക് പിന്നാലെ ഇരുവിഭാഗവും ഷാര്‍ജയില്‍ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ എതിര്‍ഗ്രൂപ്പിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവാവ് ഇസ്മായിലിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇസ്മായില്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു.
സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഷാര്‍ജ പൊലീസ് വിപുലമായ അന്വേഷണം ആരംഭിക്കുകയും, കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള പ്രതിയടക്കം നാലുപേരെ ഉടനടി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളെല്ലാവരും മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
