ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഒന്നര വയസ്സുകാരനെ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവതിയുടെ മകനെ നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജിതേന്ദ്ര പഥക് എന്ന വിരാജ് ആണ് വെടിവെപ്പിനൊടുവിൽ പോലീസ് പിടിയിലായത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടയിൽ ഇയാളുടെ കാലിന് വെടിയേറ്റു. യുവതിയെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ തനിക്ക് ഒരു കുഞ്ഞുള്ളതിനാൽ വിവാഹത്തിന് കഴിയില്ലെന്ന് അവർ വ്യക്തമാക്കിയതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പോലീസിന് മൊഴി നൽകി.
കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുഞ്ഞിന് മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിരാജ് ആരവിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ജനവാസമില്ലാത്ത സ്ഥലത്തെത്തിച്ച കുഞ്ഞിനെ ഇയാൾ പലതവണ നിലത്തടിച്ച് കൊലപ്പെടുത്തി. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അപ്പോഴേക്കും പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
തന്റെ മകനെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് വിരാജ് കൊണ്ടുപോയതെന്നും, തന്നെ വിവാഹം കഴിക്കാൻ അയാൾ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും കുഞ്ഞിന്റെ അമ്മ രതി പോലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതി മെയിൻപുരി റോഡിലെ ഭൂധ ഭർത്താര ജംഗ്ഷന് സമീപം ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് നാലംഗ പോലീസ് സംഘം രൂപീകരിക്കുകയും പ്രദേശം മുഴുവൻ വളയുകയും ചെയ്തു.
കാട്ടിൽ ഒളിച്ചിരുന്ന പ്രതി പോലീസിന് നേരെ പെട്ടെന്ന് വെടിയുതിർത്തു. ഇതോടെ പോലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു. പോലീസിന്റെ വെടിവെപ്പിൽ കാലിന് പരിക്കേറ്റ വിരാജ് നിലത്തുവീണതോടെ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പക്കൽ നിന്ന് നാടൻ തോക്കും അഞ്ച് ലൈവ് കാട്രിഡ്ജുകളും രണ്ട് വെടിയുണ്ടകളുടെ അവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ താൻ രതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ അവർ അത് നിരന്തരം നിരസിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിരാജ് പോലീസിനോട് തുറന്നുപറഞ്ഞു. തനിക്ക് ഒരു മകനുള്ളതിനാൽ മറ്റൊരു വിവാഹത്തിന് താല്പര്യമില്ലെന്നാണ് രതി ഇയാളോട് പറഞ്ഞിരുന്നത്. ഇതിൽ ഉണ്ടായ നിരാശയും ദേഷ്യവുമാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള ആലോചനയിലേക്ക് ഇയാളെ എത്തിച്ചത്.
കോടതിയിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകളും അതിവേഗം ശേഖരിച്ചുവരികയാണെന്ന് ഫിറോസാബാദ് സിറ്റി പോലീസ് സൂപ്രണ്ട് (SP) രവിശങ്കർ പ്രസാദ് അറിയിച്ചു. പ്രതിക്ക് കോടതിയിൽ നിന്ന് പരമാവധി കഠിനമായ ശിക്ഷ തന്നെ വാങ്ങിനൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുവിന്റെ വീടിന് പുറത്തുള്ള വിജനമായ ഒരു വഴിയിലൂടെ പ്രതി കുഞ്ഞിനെ എടുത്തു കൊണ്ടുപോകുന്നതും, അതിനുശേഷം നിരന്തരമായി കുഞ്ഞിനെ തറയിലേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
