ജിമ്മിലും ബാത്ത്‌റൂമിലും കൊണ്ടുപോയി പീഡിപ്പിച്ചു; നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; തലസ്ഥാനത്തെ പ്രമുഖ ക്രിക്കറ്റ് കോച്ച് മനുവിനെ പൂട്ടിയ പ്രൊസിക്യൂഷന്‍ വാദം; ഒരു പെണ്‍കുട്ടിയുടെ ധൈര്യം പുറത്തുകൊണ്ടുവന്നത് ആറ് പീഡനക്കേസുകള്‍; മൂന്നാം കേസില്‍ 48 വര്‍ഷം കഠിനതടവും പിഴയും; നാലാമത്തെ കേസിലും കുറ്റക്കാരന്‍

ജിമ്മിലും ബാത്ത്‌റൂമിലും കൊണ്ടുപോയി പീഡിപ്പിച്ചു; നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; തലസ്ഥാനത്തെ പ്രമുഖ ക്രിക്കറ്റ് കോച്ച് മനുവിനെ പൂട്ടിയ പ്രൊസിക്യൂഷന്‍ വാദം; ഒരു പെണ്‍കുട്ടിയുടെ ധൈര്യം പുറത്തുകൊണ്ടുവന്നത് ആറ് പീഡനക്കേസുകള്‍; മൂന്നാം കേസില്‍ 48 വര്‍ഷം കഠിനതടവും പിഴയും; നാലാമത്തെ കേസിലും കുറ്റക്കാരന്‍


തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പരിശീലകന് കഠിന തടവ്. വള്ളക്കടവ് ശ്രീവരാഹം സ്വദേശിയായ മനു എം (40) എന്നയാളെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പ്രതിക്കെതിരെയുള്ള മൂന്നാമത്തെ കേസില്‍ 48 വര്‍ഷം കഠിനതടവും 79,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പ്രതിക്കെതിരെയുള്ള നാലാമത്തെ കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 427 പ്രകാരം, പ്രതി മുന്‍പ് രജിസ്റ്റര്‍ ചെയ്ത ആദ്യ രണ്ട് കേസുകളിലെയും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഈ മൂന്നാമത്തെ കേസിലെ ശിക്ഷാ കാലാവധി ആരംഭിക്കുകയുള്ളൂ എന്ന് കോടതി വിധിന്യായത്തില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കേസിലെയും ശിക്ഷകള്‍ ഒന്നിനുപുറകെ ഒന്നായി നടപ്പിലാക്കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ ഈ നടപടി.



ക്രൂരതകളുടെ തുടക്കം 2018-ല്‍

തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററില്‍ 2018-ല്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് അതിജീവിത പരിശീലനത്തിനായി എത്തുന്നത്. ആദ്യ കുറച്ചു നാളുകള്‍ക്ക് ശേഷം, സ്വകാര്യ കോച്ചിംഗ് എന്ന വ്യാജേന കുട്ടിയെ ഗ്രൗണ്ടില്‍ നിന്നും ആരുമില്ലാത്ത സമയം നോക്കി കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതി കൊണ്ടുപോയിരുന്നു.

പരിശീലന കേന്ദ്രത്തിലെ നെറ്റ്‌സ്, ജിം, ബാത്ത്‌റൂമുകള്‍ എന്നിവിടങ്ങളില്‍ വെച്ചും കുട്ടിയുടെ വീട്ടിലെ നെറ്റ്‌സില്‍ വെച്ചും പ്രതി കുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി. കൂടാതെ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രതി ഫോണില്‍ പകര്‍ത്തിയിരുന്നു.

തടസ്സപ്പെട്ട ക്രിക്കറ്റ് ഭാവിയും സത്യം പുറത്തായതും

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കുട്ടിയുടെ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണവും കടുത്ത മാനസിക വിഷമം മൂലവും 2021-ല്‍ കുട്ടി ഈ കേന്ദ്രത്തില്‍ നിന്നൊഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് കോച്ചിങ്ങിനായി പോയി.

വര്‍ഷങ്ങള്‍ക്ക് ശേഷം, 2024 മാര്‍ച്ച് 28-ന് തിരുവനന്തപുരത്ത് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അതിജീവിത പ്രതിയെ വീണ്ടും കാണുന്നത്. പ്രതിയെ കണ്ട ആഘാതത്തില്‍ കുട്ടി കടുത്ത ഭയത്തോടെ ബഹളം വെക്കുകയും മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വര്‍ഷങ്ങളായി മൂടിവെക്കപ്പെട്ട ക്രൂരത പുറംലോകം അറിയുന്നത്.

ആറ് കേസുകള്‍; മറ്റ് കുട്ടികള്‍ക്കും ധൈര്യമായി

ഈ കുട്ടിയുടെ പരാതി പുറത്തുവന്നതോടെ ഇതേ കോച്ചിന്റെ കീഴില്‍ സമാനമായ പീഡനം നേരിട്ട മറ്റ് കുട്ടികളും പരാതിയുമായി മുന്നോട്ടുവരാന്‍ ധൈര്യം കാണിച്ചു. ഇതോടെ പ്രതിക്കെതിരെ ആകെ ആറ് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ നാല് കേസുകളുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. മൂന്ന് കേസുകളില്‍ കോടതി ശിക്ഷ വിധിച്ചുകഴിഞ്ഞു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നാലാമത്തെ കേസില്‍ വരുന്ന തിങ്കളാഴ്ച കോടതി വിധി പ്രസ്താവിക്കും.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഭിഭാഷകരായ സുരഭി പി., രവിശങ്കര്‍ തമ്പി എച്ച്. എന്നിവര്‍ കോടതിയില്‍ ഹാജരായി. കന്റോണ്‍മെന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ എസ്., പ്രജീഷ് ശശി, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.