ലേണേഴ്സ് പരീക്ഷ എഴുതാൻ മോട്ടോർവാഹന ഓഫീസിലേക്ക് എത്തിയത് സ്വന്തമായി വാഹനം ഓടിച്ച്; യുവതിക്ക് 5000 രൂപ പിഴയിട്ട് ആർടിഒ
പാലക്കാട്: പാലക്കാട് ആലത്തൂരിൽ ലേണേഴ്സ് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർ വാഹന ഓഫീസിലേക്ക് ഇരുചക്ര വാഹനം ഓടിച്ചുവന്ന യുവതി കുടുങ്ങി. വാഹനമോടിച്ച യുവതി ക്കും വാഹനയുടമയായ ഭർത്താവിനും ആലത്തൂർ സബ് ആർ. ടി.ഒ. ഓഫീസ് 5000 രൂപ വീതം പിഴ ചുമത്തി.ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിനുമാണ് പിഴയിട്ടത്. പരീക്ഷാകേന്ദ്രത്തിലേക്ക് ഇവർ വാഹനം ഓടിച്ചുവരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് വാഹനമോടിച്ച് വന്ന കാര്യം ചോദിച്ച് ഉറപ്പാക്കിയതും പിഴ ചുമത്തിയതും. 1988-ലെ മോട്ടോർ വാഹന നിയമത്തിലെ 180, 181 വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂർ ജോ. ആർടിഒ വ്യക്തമാക്കി