ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റ് ട്രേഡിങ്ങിന്റെ പേരില്‍ തട്ടിപ്പ്; എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറെ കബളിപ്പിച്ച് തട്ടിയത് 67 ലക്ഷം രൂപ: കൂത്തുപറമ്പ് സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റ് ട്രേഡിങ്ങിന്റെ പേരില്‍ തട്ടിപ്പ്; എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറെ കബളിപ്പിച്ച് തട്ടിയത് 67 ലക്ഷം രൂപ: കൂത്തുപറമ്പ്  സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍



കൊച്ചി: ഓണ്‍ലൈന്‍ ട്രെഡിങിന്റെ പേരില്‍ കുമ്പളം സ്വദേശിയായ വനിതാ ഡോക്ടറെ കബളിപ്പിച്ച് 67 ലക്ഷം തട്ടിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് പിടികൂടി. കണ്ണൂര്‍ കൂത്തുപ്പറമ്പ് സ്വദേശി ബല്‍ക്കിസ് മന്‍സില്‍ വീട്ടില്‍ അബ്ദുല്‍ റഹ്‌മാന്‍ (35), കൂത്തുപറമ്പ് മവ്വേരി സ്വദേശി യാഫ മന്‍സില്‍ വീട്ടില്‍ അര്‍ഷാദ് (38) എന്നിവരെയായാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. നിക്ഷേപ തുകയുടെ മൂന്നിരട്ടി മൂന്നു മാസം കൊണ്ട് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പണമോ ലാഭ വിഹിതമോ ലഭിക്കാതെ വന്നതോടെയാണ് ഡോക്ടര്‍ പോലിസില്‍ പരാതി നല്‍കിയത്.

സമൂഹമാധ്യമത്തിലൂടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ എഐ വിഡിയോ പ്രചരിപ്പിച്ചാണ് ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റു ട്രേഡിങ്ങിന്റെ പേരില്‍ ഇവര്‍ പണം തട്ടിയെടുത്തത്. ഫെയ്‌സ്ബുക്കിലൂടെ നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി മൂന്നു മാസം കൊണ്ട് തിരികെ ലഭിക്കുമെന്ന പരസ്യം കണ്ടു ലിങ്കില്‍ പ്രവേശിച്ചപ്പോള്‍ 'ക്ലയിന്റ് 9 Pro' എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ എത്തി. തുടര്‍ന്ന് ഡോക്ടറോട് ട്രേഡിങിന്റെ ആളുകള്‍ എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാര്‍ സംസാരിക്കുകയും അവര്‍ നല്‍കിയ മറ്റൊരു ലിങ്ക് വഴി പണം അയച്ചു കൊടുക്കുകയുമായിരുന്നു. കൂടാതെ തട്ടിപ്പു സംഘം പറഞ്ഞതനുസരിച്ചു കണ്ണൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഡിജിറ്റ് കോം ഐടി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കും ഡോക്ടര്‍ പണമയച്ചു കൊടുത്തിരുന്നു.

ഈ കമ്പനിയുടെ ഉടമകളെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇത്തരത്തില്‍ ഈ വര്‍ഷം ജനുവരി മാസം മുതല്‍ ഡോക്ടറുടെ പല അക്കൗണ്ടുകളില്‍ നിന്നായി ഏകദേശം 67 ലക്ഷം രൂപയോളമാണ് തട്ടിപ്പു സംഘം കൈക്കലാക്കിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത ലാഭ വിഹിതമോ നല്‍കിയ പണമോ തിരികെ ലഭിച്ചില്ല. തുടര്‍ന്ന് ഡോക്ടര്‍ മാര്‍ച്ച് മാസം പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ കേരളത്തിനകത്തും കര്‍ണാടക, മിസോറാം എന്നിങ്ങനെ പല സംസ്ഥാനങ്ങളിലുമായി സമാനമായ ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പനങ്ങാട് പൊലീസ് സ്റ്റേഷന്റെ ചാര്‍ജുള്ള മരട് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മനാഫ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികള്‍ നിലവില്‍ ഹരിയാന ജയിലിലും തീഹാര്‍ ജയിലിലും റിമാന്‍ഡില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.