ഓപ്പറേഷന്‍ തണ്ടര്‍: കണ്ണൂരില്‍ കുപ്രസിദ്ധ ലഹരിമരുന്ന് വില്‍പ്പനക്കാരന്‍ 'പൂച്ച റഹീം' പിടിയില്‍; 7.940 ഗ്രാം ബ്രൗണ്‍ ഷുഗറും 8.179 ഗ്രാം ചരസും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തണ്ടര്‍: കണ്ണൂരില്‍ കുപ്രസിദ്ധ ലഹരിമരുന്ന് വില്‍പ്പനക്കാരന്‍ 'പൂച്ച റഹീം' പിടിയില്‍; 7.940 ഗ്രാം ബ്രൗണ്‍ ഷുഗറും 8.179 ഗ്രാം ചരസും എക്‌സൈസ് സംഘം പിടിച്ചെടുത്തു.



കണ്ണൂര്‍: ലഹരിസംഘങ്ങള്‍ക്കെതിരെയുള്ള 'ഓപ്പറേഷന്‍ തണ്ടര്‍' റെയ്ഡിന്റെ ഭാഗമായി വന്‍ മയക്കുമരുന്ന് ശേഖരവുമായി കുപ്രസിദ്ധ ലഹരിമരുന്ന് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. ചിറക്കല്‍ കോട്ടക്കുന്ന് സ്വദേശി 'പൂച്ച റഹീം' എന്ന റഹീമിനെയാണ് (56) എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇയാളില്‍ നിന്ന് 7.940 ഗ്രാം ബ്രൗണ്‍ ഷുഗറും 8.179 ഗ്രാം ചരസും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ സുഹൈല്‍ പി.പി., പി.വി. ഗണേഷ് ബാബു എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സിയാദിന്റെ നേതൃത്വത്തില്‍ വളപട്ടണം ഭാഗത്ത് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതി വലയിലായത്. മുംബൈയില്‍ നിന്ന് മൊത്തമായി എത്തിക്കുന്ന ബ്രൗണ്‍ ഷുഗര്‍ ചെറിയ പാക്കറ്റുകളിലാക്കി കണ്ണൂര്‍ ടൗണ്‍, പുതിയതെരു, വളപട്ടണം ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന കണ്ണൂരിലെ പ്രധാന ലഹരി ശൃംഖലയിലെ കണ്ണിയാണ് ഇയാള്‍.

നിലവില്‍ പോലീസിലും എക്‌സൈസിലും നിരവധി മയക്കുമരുന്ന്-ക്രിമിനല്‍ കേസുകളുള്ള പ്രതി, മുന്‍പത്തെ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുന്നതിനിടെയാണ് നിരീക്ഷണത്തിലായിരുന്ന എക്‌സൈസ് സംഘത്തിന്റെ പിടിയിലാവുന്നത്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം അസിസ്റ്റന്റ് ഇസ്‌പെക്ടര്‍മാരായ അബ്ദുല്‍ നാസര്‍ ആര്‍.പി, അജിത്ത് സി, പ്രിവന്റ്റീവ് ഓഫീസര്‍മാരായ സുഹൈല്‍ പി.പി, ഉമേഷ് കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗണേഷ് ബാബു പി.വി, സുജേഷ് എം.വി, ഫസല്‍ കെ.ടി എന്നിവരും പങ്കെടുത്തു