Zf8
വാഷിങ്ടണ്‍/ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിലേക്ക് എത്തിയിരുന്നു. കരാറിനെ കുറിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. ഇറാനും അന്തിമ കരാറില്‍ ധാരണയായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കരാറില്‍ ഒപ്പിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ബോംബിട്ട ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ട്രംപ് കട്ടക്കലിപ്പിലായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നെതന്യാഹുവിന്റെ അട്ടിമറി ശ്രമങ്ങളെ അതിജീവിച്ചു കൊണ്ടാണ് ട്രംപ് ഇറാനുമായി കരാറില്‍ എത്തിയതെന്നാണ് വിവരം.
ബെയ്‌റൂത്തില്‍ ഇസ്രായേല്‍ ബോംബിട്ടത് അറിഞ്ഞ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ നെതന്യാഹുവിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെറിവിളിച്ചു എന്നാണ് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. തന്റെ എണ്‍പതാം ജന്മദിനാഘോഷങ്ങള്‍ക്കായി വൈറ്റ് ഹൗസ് ഒരുങ്ങുന്നതിനിടെയാണ് സഖ്യകക്ഷിയായ ഇസ്രായേലിന്റെ തലവനെതിരെ ട്രംപ് അത്യന്തം വികാരാധീനനായി പൊട്ടിത്തെറിച്ചത്. നെതന്യാഹുവിന് ഒട്ടും വിവേചനബുദ്ധിയില്ലെന്നും അവന്‍ കാരണം എല്ലാം കുളമാകുന്ന അവസ്ഥയിലായെന്നും ട്രംപ് പറഞ്ഞതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ആക്‌സിയോസ്' റിപ്പോര്‍ട്ടര്‍ ബരാക് റാവിഡ് വെളിപ്പെടുത്തി.
'ബിബി എന്തിനാണ ആ തെണ്ടിത്തരം കാണിച്ചത്?
പ്രസിഡന്റ് ട്രംപുമായി ഞായറാഴ്ച നടത്തിയ ഔദ്യോഗിക സംഭാഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മാധ്യമപ്രവര്‍ത്തകനായ ബരാക് റാവിഡ് തന്റെ എക്‌സ് (ട്വിറ്റര്‍) ഹാന്‍ഡിലിലൂടെ പുറത്തുവിട്ടത്. ട്രംപ് തന്നോട് പറഞ്ഞ വാക്കുകള്‍ റാവിഡ് അതേപടി കുറിച്ചിട്ടത് ഇങ്ങനെയാണ്: 'എന്തിനായിരുന്നു ബിബി (നെതന്യാഹു) ആ നാശംപിടിച്ച ആക്രമണം നടത്തിയത്? എനിക്ക് അത്രയ്ക്ക് ദേഷ്യം വന്നു. ഞാന്‍ അവനെ വിളിച്ച് നല്ലത് നാലെണ്ണം കൊടുത്തിട്ടുണ്ട്. അവന് ഒട്ടും വിവരമില്ല. ആ കാര്യം ഞാന്‍ അവനെ കൃത്യമായി ധരിപ്പിച്ചിട്ടുമുണ്ട്! മാസങ്ങളായി താന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമാധാന കരാര്‍ ഒരൊറ്റ രാത്രി കൊണ്ട് ഇസ്രായേല്‍ ബോംബെറിഞ്ഞ് തകര്‍ക്കാന്‍ നോക്കിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇസ്രായേല്‍ ആക്രമണം നടത്തുകയും അതിന് പിന്നാലെ ഇറാന്‍ കടുത്ത തിരിച്ചടി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
പ്രമുഖ മാധ്യമമായ 'വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍' പുറത്തുവിടുന്ന വിവരങ്ങള്‍ അനുസരിച്ച്, ഇസ്രായേലിന്റെ ഭാഗത്തുനിന്ന് എത്ര വലിയ പ്രകോപനം ഉണ്ടായാലും സമാധാന നീക്കവുമായി മുന്നോട്ടു പോകാനാണ് ട്രംപിന്റെ നീക്കം. ഇന്നലെ ട്രംപിന്റെ 80-ാം ജന്മദിനം വൈറ്റ് ഹൗസ് വളപ്പില്‍ വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. വൈറ്റ്ഹൗസ് വക്താവ് ഡാനിയേറ്റ് വൈറ്റിന്റെ നേതൃത്വതത്ിലാണ് ആഘോഷങ്ങള്‍. വൈറ്റ് ഹൗസ് മൈതാനത്ത് പ്രത്യേക യു.എഫ്.സിപോരാട്ടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. അയ്യായിരത്തോളം പ്രമുഖര്‍ ഈ പരിപാടിയില്‍ നേരിട്ട് പങ്കെടുക്കുന്നുണ്ട്. ഈ ആഘോഷത്തിന് ഒരുങ്ങവേയാണ് ബെയ്‌റൂത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇത് ട്രംപിനെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്.
കരാറിനെ സ്വാഗതം ചെയ്ത് ലോകരാജ്യങ്ങള്‍
അതേസമയം ലോകത്തിന് ആശ്വാസമായി പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിലവില്‍ വന്നിട്ടുണ്ട്. ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ഇറാന്‍-അമേരിക്ക സമാധാന കരാര്‍ വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്റില്‍ ഒപ്പ് വെക്കും. മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന തിരക്കിട്ട നീക്കത്തിന് ഒടുവിലാണ് തീരുമാനം.
ഹോര്‍മുസ് കടലിടുക്കിലെ വാഷിംഗ്ടണിന്റെ നാവിക ഉപരോധം അവസാനിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു. കരാറിനെ ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തു. അമേരിക്കയും ഇറാനും തമ്മില്‍ ഒരു സമാധാന കരാറില്‍ എത്തിയെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.വിശാലമായ ഒരു കരാറിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് എന്നാണ് ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചി വിശേഷിപ്പിച്ചത്. ധാരണാപത്രം സ്ഥിരമായി നടപ്പിലാക്കപ്പെടുമെന്നും ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്രവും സുരക്ഷിതവുമായ നാവിഗേഷന്‍ യഥാര്‍ത്ഥത്തില്‍ ഉറപ്പാക്കപ്പെടുമെന്നും ഇറാന്റെ ആണവ വിഷയത്തിലും മറ്റ് കാര്യങ്ങളിലും ഒരു അന്തിമ കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാകുമെന്നും തകായിച്ചി കൂട്ടിച്ചേര്‍ത്തു.
കരാറിനെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്വാഗതം ചെയ്തു.'ലോകം മുഴുവന്‍ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഈ വാര്‍ത്ത, നമ്മുടെ മേഖലയില്‍ സമാധാനത്തിന്റെയും സുരക്ഷയുടെയും ശാശ്വതമായ ഒരു അന്തരീക്ഷം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു' എന്ന് എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു. 'കരാര്‍ ഒപ്പിടുന്നതിന് മുമ്പുള്ള കാലയളവില്‍ പിരിമുറുക്കം കൂട്ടുന്ന വാചാടോപങ്ങള്‍, പ്രകോപനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒഴിവാക്കാനും സാധ്യമായ അട്ടിമറികള്‍ക്കെതിരെ ജാഗ്രത പാലിക്കാനും' തുര്‍ക്കി പ്രസിഡന്റ് എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.
അമേരിക്കയും ഇറാനും തമ്മില്‍ ചരിത്രപരമായ സമാധാന കരാറിലെത്തിയതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഷും വെളിപ്പെടുത്തി. ഇതോടൊപ്പം ലബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികള്‍ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി. സമാധാന പാതയിലേക്ക് വരാന്‍ തയ്യാറായ അമേരിക്കയ്ക്കും ഇറാനും ഷെഹ്ബാസ് ഷെരീഫ് നന്ദി അറിയിച്ചു. ചര്‍ച്ചകള്‍ വിജയകരമാക്കാന്‍ പിന്തുണ നല്‍കിയ ഖത്തറിനും, കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിനും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
