യുദ്ധത്തില്‍ വിജയിച്ചത് ഇറാനെന്ന് 92 ശതമാനം ഇസ്രായേലികളും വിശ്വസിക്കുന്നു; നെതന്യാഹുവിനെതിരെ ജനവികാരം നിഴലിക്കുന്ന സര്‍വേയുമായി ഇസ്രായേല്‍ യൂണിവേഴ്സിറ്റി; നെതന്യാഹു യുദ്ധം മികച്ച രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് വിശ്വസിക്കുന്നത് വെറും 26.5 ശതമാനം ആളുകള്‍ മാത്രം

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ വന്നതോടെ കനത്ത രാഷ്ട്രീയ തിരിച്ചടിയേറ്റത് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവാണ്. നെതന്യാഹുവിന്റെ ജനപ്രീതി ഇടിഞ്ഞെന്നാണ് പുറത്തുവരുന്ന സര്‍വേകളില്‍ തെളിയുന്നത്. സ്വന്തം നാട്ടുകാരില്‍ നിന്ന് തന്നെ കനത്ത പ്രഹരമാണ് അദ്ദേഹം നേരിടേണ്ടി വന്നത്. ഇറാനുമായി നടത്തിയ യുദ്ധത്തില്‍ ഒടുവില്‍ വിജയിച്ചത് ഇറാന്‍ തന്നെയാണെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് സാക്ഷാല്‍ ഇസ്രായേല്‍ ജനത. ജറുസലേമിലെ പ്രശസ്തമായ ഹീബ്രു യൂണിവേഴ്‌സിറ്റി നടത്തിയ ഏറ്റവും പുതിയ സര്‍വേയിലാണ് നെതന്യാഹു സര്‍ക്കാരിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. സര്‍വേയില്‍ പങ്കെടുത്ത 92 ശതമാനം ഇസ്രായേലികളും യുദ്ധത്തില്‍ ഇറാനാണ് വിജയിച്ചതെന്ന് അടിവരയിട്ട് പറയുന്നു.
യുഎസും ഇറാനും തമ്മില്‍ ഒപ്പുവെച്ച ചരിത്രപരമായ സമാധാനക്കരാറിന് പിന്നാലെ, ജൂണ്‍ 17 നും 20 നും ഇടയിലാണ് ഈ നിര്‍ണ്ണായക സര്‍വേ നടന്നത്. നെതന്യാഹുവിനെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന തീവ്രവലതുപക്ഷ ചിന്താഗതിക്കാരായ ഇസ്രായേലികളില്‍ പോലും 93.1 ശതമാനം പേരും വിശ്വസിക്കുന്നത് ഇറാന്‍ തന്നെയാണ് കളം പിടിച്ചതെന്നാണ്. ഇസ്രായേല്‍ പ്രഖ്യാപിച്ച യുദ്ധലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടുവെന്ന് 80 ശതമാനത്തിലേറെ ജനങ്ങളും വിശ്വസിക്കുന്നതായി 'ടൈംസ് ഓഫ് ഇസ്രായേല്‍' പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നെതന്യാഹു യുദ്ധം മികച്ച രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് വിശ്വസിക്കാന്‍ വെറും 26.5 ശതമാനം ആളുകള്‍ മാത്രമേ ഇസ്രായേലില്‍ ഇന്നുള്ളൂ!
ഇസ്രായേലിന്റെ സഖ്യകക്ഷിയായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ ജനത മാര്‍ക്കിട്ടിട്ടില്ല. സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം ആളുകളും ഈ യുദ്ധ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് വന്‍ പരാജയമായിരുന്നു എന്നാണ് വിലയിരുത്തുന്നത്.
ഇതിനിടെ, പശ്ചിമേഷ്യയിലെ കനത്ത യുദ്ധ സാഹചര്യം പൂര്‍ണ്ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനും യുഎസും തമ്മിലുള്ള അതിനിര്‍ണ്ണായകമായ ചര്‍ച്ചകള്‍ ഇന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ ആരംഭിക്കുകയാണ്. ഇതിനായി ഇറാന്റെ വന്‍ ഉന്നതതല സംഘം സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തിക്കഴിഞ്ഞു. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരാണ് ഇറാന്‍ സംഘത്തെ നയിക്കുന്നത്. യുഎസ് സംഘത്തിന് നേതൃത്വം നല്‍കുന്നത് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ആണ്. മധ്യസ്ഥത വഹിക്കുന്നതിനായി പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും സ്വിറ്റ്സര്‍ലന്‍ഡിലേക്ക് തിരിച്ചു കഴിഞ്ഞു.
