അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്‌കാരം ജൂലൈ 9-ന്; ടെഹ്‌റാനില്‍ രണ്ടുദിവസത്തെ വിലാപയാത്രയ്ക്ക് ശേഷം ആയത്തുല്ല അലി ഖമനയിക്ക് ജന്മനാട്ടില്‍ അന്ത്യവിശ്രമം; ഇമാം റെസായുടെ ശവകുടീരത്തിന് അരികെ വിടവാങ്ങല്‍ ചടങ്ങുകള്‍ക്ക് വന്‍സരക്ഷാ സജ്ജീകരണങ്ങള്‍

അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്‌കാരം ജൂലൈ 9-ന്; ടെഹ്‌റാനില്‍ രണ്ടുദിവസത്തെ വിലാപയാത്രയ്ക്ക് ശേഷം ആയത്തുല്ല അലി ഖമനയിക്ക് ജന്മനാട്ടില്‍ അന്ത്യവിശ്രമം; ഇമാം റെസായുടെ ശവകുടീരത്തിന് അരികെ വിടവാങ്ങല്‍ ചടങ്ങുകള്‍ക്ക് വന്‍സരക്ഷാ സജ്ജീകരണങ്ങള്‍



ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭൗതികശരീരം ജൂലൈ 9ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇതിന് മുന്നോടിയായി ജൂലൈ നാല്, അഞ്ച് തീയതികളില്‍ രാജ്യത്തിന്റെ തലസ്ഥാനമായ ടെഹ്റാനില്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായുള്ള ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് ജൂലൈ ഒന്‍പതിന് അദ്ദേഹത്തിന്റെ ജന്‍മനാടായ മഷാദ് നഗരത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും ഖമനയിയുടെ ഭൗതികശരീരം ഇമാം റെസായുടെ ശവകുടീരത്തിന് അടുത്തായി അടക്കം ചെയ്യുക. പശ്ചിമേഷ്യയില്‍, കടുത്ത സൈനിക സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകളുടെ തീയതികള്‍ ഇറാന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആദ്യഘട്ട വ്യോമാക്രമണങ്ങളിലാണ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്. ഖമനയി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ഉന്നതതല യോഗം നടന്നു കൊണ്ടിരിക്കെ ഇറാന്റെ ഔദ്യോഗിക ഓഫീസ് സമുച്ചയത്തിനുനേരെ ഉണ്ടായ അതിശക്തമായ മിസൈല്‍ ആക്രമണത്തിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഈ ആക്രമണത്തില്‍ ഖമനയിയുടെ മകനും ഇറാന്റെ അടുത്ത പിന്‍ഗാമിയുമായി കണക്കാക്കപ്പെടുന്ന മുജ്തബ ഖമനയിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. പരമോന്നത നേതാവിന്റെ മരണത്തിന് ശേഷം മുജ്തബ അധികാരം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, പരുക്കേറ്റതിന് ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതേ ആക്രമണത്തില്‍ ഖമനയിയുടെ മകള്‍ സഹ്ദ ഹദ്ദാദ് ആദില്‍, ഭര്‍ത്താവ് മിസ്ബാഹ് അല്‍ ഹുദ ബഗേരി, ഇവരുടെ മകന്‍ എന്നിവരും കൊല്ലപ്പെട്ടിരുന്നു.

ഖമനയിക്ക് പുറമെ ഇറാന്റെ സൈനിക, രാഷ്ട്രീയ നേതൃത്വത്തിന് കനത്ത ആഘാതമേല്‍പ്പിച്ചായിരുന്നു ഫെബ്രുവരിയിലെ ഈ ആക്രമണം നടന്നത്. ഇറാന്റെ പ്രതിരോധമന്ത്രി അസീസ് നസീര്‍സാദ, സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുല്‍ റഹീം മൂസവി, ഖമനയിയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍, 1989 മുതല്‍ ഖമനയിയുടെ മിലിറ്ററി ബ്യൂറോ തലവനായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഷിറാസി എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര നേതാക്കളും അന്ന് കൊല്ലപ്പെട്ടിരുന്നു.

ഇറാന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും സ്വാധീനമുള്ള നേതാവായിരുന്ന ഖമനയി 1981 മുതല്‍ തുടര്‍ച്ചയായി എട്ടു വര്‍ഷം ഇറാന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് 1979-ലെ പ്രശസ്തമായ ഇസ്ലാമിക വിപ്ലവത്തിനു നേതൃത്വം നല്‍കിയ ആയത്തുല്ല ഖമനയിയുടെ വിയോഗത്തെത്തുടര്‍ന്ന്, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി 1989-ലാണ് ഖമനയി ഇറാന്റെ പരമോന്നത നേതാവായി ചുമതലയേല്‍ക്കുന്നത്. ദീര്‍ഘകാലം ഇറാന്റെ ഭരണചക്രം തിരിക്കുകയും ആഗോള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്ത നേതാവിന്റെ വിടവാങ്ങല്‍ ചടങ്ങുകള്‍ക്ക് രാജ്യം അതീവ സുരക്ഷയോടെയാണ് ഒരുങ്ങുന്നത്.