ഷാര്‍ജ: ഷാര്‍ജയില്‍ ടിക് ടോക് തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി മാട്ടൂല്‍ സ്വദേശി പൊന്നന്‍ ഇസ്മാഈല്‍ ഇബ്രാഹിം കുട്ടിയുടെ (40) മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും. ഇന്നു രാത്രി 10.40-ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 4.10-ന് കണ്ണൂരിലെത്തും.
യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീമും ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈ വിഷയത്തില്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.
ഈ മാസം ഒന്നിന് രാവിലെ എട്ടരയോടെ ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിങ്ങിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ടിക് ടോക്കില്‍ സജീവമായിരുന്ന ഇസ്മാഈലും പ്രതികളും തമ്മില്‍ സോഷ്യല്‍ മീഡിയ വഴി ലൈവായി പരസ്പരം വെല്ലുവിളികള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഒത്തുചേര്‍ന്ന സംഘം മരപ്പലകയും കൂര്‍ത്ത ആയുധങ്ങളും ഉപയോഗിച്ച് ഇസ്മാഈലിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇസ്മാഈലിനെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.
സംഭവത്തില്‍ മറ്റൊരു മലയാളിക്ക് കൂടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ കണ്ണൂര്‍, കൊല്ലം സ്വദേശികളടക്കം അഞ്ച് മലയാളികളെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് ബുഹൈറ പൊലീസ് ഷാര്‍ജ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ദുബായ് കരാമയിലെ ഒരു ബേക്കറി-കുല്‍ഫി കടയില്‍ ജീവനക്കാരനായിരുന്നു ഇസ്മാഈല്‍.
