പാക് മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിൻ്റെ സഹോദരൻ്റെ സംസ്കാരചടങ്ങിൽ ലഷ്കർ ഭീകരരും; തെളിവായി ദൃശ്യങ്ങൾ


പാക് മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിൻ്റെ സഹോദരൻ്റെ സംസ്കാരചടങ്ങിൽ ലഷ്കർ ഭീകരരും; തെളിവായി ദൃശ്യങ്ങൾ


ന്യൂഡൽഹി: പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്കാരചടങ്ങിൽ ലഷ്കർ ഭീകര‍രും പങ്കെടുത്തതായി റിപ്പോ‍ർട്ട്. ഷൊയ്ബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാരചടങ്ങിലാണ് പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സെയ്ഫുള്ള കസൂരി ഉൾപ്പെടെയുള്ള ലഷ്കറെ തൊയ്ബ ഭീകരരും പങ്കെടുത്തതെന്ന് എൻഡിടിവിയും ഇന്ത്യാടുഡേയും അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു.ജൂൺ 24-നാണ് ഷൊയ്ബ് അക്തറിന്റെ മൂത്തസഹോദരനായ ഷാഹിദ് അക്തർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. തുടർന്ന് നടന്ന സംസ്കാരചടങ്ങിലാണ് പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ അം​ഗങ്ങളും പങ്കെടുത്തത്. ലഷ്കർ സ്ഥാപകനായ ഭീകരൻ ഹഫീസ് സയീദിന്റെ അടുത്ത അനുയായികളും ലഷ്കറിന്റെ രാഷ്ട്രീയവിഭാ​ഗമായ പാകിസ്താൻ മർക്കസി മുസ്ലീംലീ​ഗി(പിഎംഎംഎൽ)ന്റെ നേതാക്കളും സംസ്കാരചടങ്ങിനെത്തിയിരുന്നു.പിഎംഎംഎൽ പ്രസിഡന്റ് ഇനാമുറഹ്മാൻ കംബോഹ്, പിഎംഎംഎൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അബ്ദുള്ള തൂ‍ർ, പിഎംഎംഎൽ സോണൽ സെക്രട്ടറി ഹഫീസ് ഉമർ, അംജാദ് ഭാട്ടി തുടങ്ങിയവരാണ് കസൂരിക്ക് പുറമേ ചടങ്ങിൽ സന്നിഹിതരായിരുന്നത്. ഇവർ സംസ്കാരചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും ഷൊയ്ബ് അക്തറിനെ ആശ്വസിപ്പിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങളും പിഎംഎംഎൽ പുറത്തുവിട്ടിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു.ഭീകരർക്ക് പാകിസ്താൻ സംരക്ഷണമൊരുക്കുന്നുവെന്ന ഇന്ത്യയുടെ വാദങ്ങൾക്ക് കൂടുതൽ തെളിവ് പകരുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്ന വീഡിയോദൃശ്യങ്ങൾ. പാകിസ്താൻ തീവ്രവാദത്തെ സ്പോൺസർചെയ്യുന്ന രാജ്യമാണെന്ന് ആ​ഗോളവേദികളിൽ ഇന്ത്യ നിരന്തരം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഈ വാദങ്ങൾ വാസ്തവമാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് സംസ്കാരചടങ്ങിൽനിന്നുള്ള ദൃശ്യങ്ങൾ. കൊടുംഭീകരരടക്കം പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവുകൾ കൂടിയാണിത്