കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത് ആശങ്കയാകുന്നു. ഫറോക്ക് സ്വദേശിയായ 43-കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങള്‍ തീവ്രമാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ICU) ചികിത്സയില്‍ തുടരവെ നില ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. പ്രാഥമിക പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെങ്കിലും, അന്തിമ സ്ഥിരീകരണത്തിനായി രോഗിയുടെ സ്രവ സാമ്പിളുകള്‍ പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചിട്ടുണ്ട്. അവിടെനിന്നുള്ള ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍.
പഴയ കെട്ടിടങ്ങള്‍ വൃത്തിയാക്കുന്ന ക്ലീനിങ് ജോലിക്കാരനാണ് രോഗബാധിതനായ വ്യക്തി. ഫറോക്കിലെ ഒരു പഴയ കെട്ടിടം വൃത്തിയാക്കാന്‍ ഇദ്ദേഹം പോയിരുന്നതായും അവിടെയുണ്ടായിരുന്ന വവ്വാലുകളുടെ സാന്നിധ്യത്തില്‍ നിന്നാകാം വൈറസ് ബാധിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയുണ്ടായിരുന്ന ഇദ്ദേഹം ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷവും ബോധക്ഷയം അടക്കമുള്ള കടുത്ത ലക്ഷണങ്ങള്‍ പ്രകടമായി. രോഗി സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയായതിനാല്‍, ഈ അസ്വസ്ഥതകള്‍ മദ്യം കിട്ടാത്തതുകൊണ്ടുള്ള 'വിഡ്രോവല്‍ സിംപ്റ്റംസ്' (Withdrawal Symptoms) ആണെന്ന് ബന്ധുക്കള്‍ തെറ്റിദ്ധരിച്ചു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ ഒരു ഡീ-അഡിക്ഷന്‍ സെന്ററിലും കൊണ്ടുപോയിരുന്നു. വിവിധ ഇടങ്ങളിലെ ആശുപത്രി സന്ദര്‍ശനവും ഡീ-അഡിക്ഷന്‍ സെന്ററിലെ താമസവും കാരണം രോഗിക്ക് നിരവധി ആളുകളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. അതിനാല്‍ തന്നെ വളരെ വിപുലമായ ഒരു സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കേണ്ടി വരുമെന്ന ആശങ്കയിലാണ് അധികൃതര്‍.
രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗിയുടെ റൂട്ട് മാപ്പും സമ്പര്‍ക്കപ്പട്ടികയും അടിയന്തരമായി തയ്യാറാക്കാനും വൈറസിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനുമുള്ള ഊര്‍ജിതമായ നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചുകഴിഞ്ഞു. വവ്വാലുകളില്‍നിന്നോ പന്നികളില്‍നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള മാരകമായ ഒരു ജന്തുജന്യ വൈറസ് രോഗമാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളുടെ ഉമിനീര്, മൂത്രം എന്നിവ കലര്‍ന്ന പാനീയങ്ങളിലൂടെയോ അവ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. പനിയോടൊപ്പം ശരീരവേദന, കടുത്ത തലവേദന, ശ്വാസതടസ്സം, ഛര്‍ദ്ദി, മസ്തിഷ്‌ക വീക്കം മൂലമുണ്ടാകുന്ന ബോധക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് 4 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാമെന്നും, രോഗികളുമായി ഏതെങ്കിലും തരത്തില്‍ അടുത്തിടപഴകുന്നവര്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ (PPE Kit, മാസ്‌ക്, സാനിറ്റൈസര്‍) കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
