മാഹിയില്‍ നിന്ന് നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; പരിശോധനയ്ക്കിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതകര്‍ക്കാന്‍ ശ്രമം

മാഹിയില്‍ നിന്ന് നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; പരിശോധനയ്ക്കിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതകര്‍ക്കാന്‍ ശ്രമം



കോഴിക്കോട്: കൊയിലാണ്ടി നന്തിയില്‍ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതകര്‍ക്കാന്‍ ശ്രമിച്ച ഡീസല്‍ കടത്തു ലോറി പിടിയില്‍. മാഹിയില്‍ നിന്ന് വന്‍തോതില്‍ നികുതി വെട്ടിച്ച് കേരളത്തിലേക്ക് ഡീസല്‍ കടത്തുകയായിരുന്ന മിനി ലോറിയാണ് നാടകീയമായ ചേസിങ്ങിനൊടുവില്‍ ജിഎസ്ടി സംഘം പിടികൂടിയത്. ഉദ്യോഗസ്ഥരെ വെട്ടിച്ച് അമിതവേഗത്തില്‍ പാഞ്ഞ ലോറി സമീപത്തെ ഒരു വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്താണ് നിന്നത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും ഓടി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ദേശീയപാതയില്‍ നന്തിക്ക് സമീപമായിരുന്നു സംഭവം. പ്രദേശത്ത് വാഹന പരിശോധന നടത്തുകയായിരുന്ന ജിഎസ്ടി ഉദ്യോഗസ്ഥര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വന്ന മിനി ലോറിക്ക് കൈകാണിച്ചെങ്കിലും നിര്‍ത്താന്‍ തയ്യാറായില്ല. ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി അവരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിക്കുകയും തുടര്‍ന്ന് അതിവേഗത്തില്‍ ഓടിച്ചുപോവുകയുമായിരുന്നു. ജിഎസ്ടി സംഘം വിടാതെ പിന്തുടരുകയും വഴിയില്‍ വാഹനം കുറുകെയിട്ട് ലോറി തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ വീണ്ടും വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ലോറി നിയന്ത്രണം വിട്ട് വഴിയരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയത്. കൊല്ലം-നെല്ല്യാടി റോഡില്‍ നരിമുക്ക് വലിയ വയല്‍ പ്രീതാ സൗധത്തില്‍ പി.കെ. ശിവന്റെ വീടിന്റെ മതിലാണ് ലോറിയിടിച്ച് തകര്‍ന്നത്.

അപകടം നടന്നയുടന്‍ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെടുകയായിരുന്നു. ശക്തമായ ഇടിയില്‍ ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലോറിയില്‍ നിന്ന് 6,000 ലിറ്റര്‍ അനധികൃത ഡീസല്‍ കണ്ടെടുത്തു. കേരളത്തിലെ വിലയെ അപേക്ഷിച്ച് മാഹിയില്‍ ഡീസലിന് വലിയ വിലക്കുറവുള്ളത് മുതലെടുത്താണ് വന്‍തോതില്‍ ഇന്ധനക്കടത്ത് നടക്കുന്നത്.

പിടിച്ചെടുത്ത മിനി ലോറി കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. എന്‍ഫോഴ്സ്മെന്റ് ഇന്‍സ്‌പെക്ടര്‍ ജി.വി. പ്രമോദ്, അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി. ലിതീഷ്, പി.കെ. ഷിജില്‍ കുമാര്‍, ഡ്രൈവര്‍ ആര്‍. രാഗേഷ് എന്നിവരടങ്ങിയ സംഘമാണ് ജീവന്‍ പണയപ്പെടുത്തിയും ഇന്ധനക്കടത്ത് സംഘത്തെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് ജിഎസ്ടി ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.