ഭാര്യയുടെയും മകന്റെയും വിയോഗം താങ്ങാനായില്ല; യുപിയിൽ ഖബറിടങ്ങൾക്കിടയിൽ കൈകൾ ചേർത്തുപിടിച്ച നിലയിൽ യുവാവ് മരിച്ച നിലയിൽ

ഭാര്യയുടെയും മകന്റെയും വിയോഗം താങ്ങാനായില്ല; യുപിയിൽ ഖബറിടങ്ങൾക്കിടയിൽ കൈകൾ ചേർത്തുപിടിച്ച നിലയിൽ യുവാവ് മരിച്ച നിലയിൽ 


ലഖ്‌നൗ: കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ആറ് വയസ്സുകാരനായ മകനും, ആ ആഘാതത്തിൽ ഭാര്യയും തൊട്ടുപിന്നാലെ മരണപ്പെട്ടതിന് പിന്നാലെ, കുടുംബത്തിന്റെ വിയോഗം താങ്ങാനാകാതെ യുവാവിനെ കല്ലറയ്ക്ക് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി (UP Mahoba District Heatwave Tragedy). ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ ചർഖാരി ടൗണിലാണ് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം അരങ്ങേറിയത്. മധ്യപ്രദേശിലെ ഹർപാൽപൂർ സ്വദേശിയായ സുബ്ഹാൻ അഹമ്മദ് (40) ആണ് ഭാര്യയുടെയും മകന്റെയും ഖബറുകൾക്ക് മുകളിൽ ജീവനറ്റ നിലയിൽ കാണപ്പെട്ടത്. കേവലം പതിനൊന്ന് ദിവസങ്ങളുടെ ഇടവേളയിൽ മാതാപിതാക്കളും അനിയനും മരണപ്പെട്ടതോടെ 17-കാരനായ സൈഫ്, 14-കാരിയായ റോഷ്നി, 11-കാരിയായ ആലിയ എന്നീ മൂന്ന് കുട്ടികളാണ് പൂർണ്ണമായും അനാഥരായത്.

കഴിഞ്ഞ മെയ് 25-നാണ് ഈ കുടുംബത്തെ തകർത്ത ദുരന്തങ്ങളുടെ തുടക്കം. സുബ്ഹാന്റെ ആറ് വയസ്സുകാരനായ മകൻ ഹസ്നൈൻ കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് പെട്ടെന്ന് രോഗബാധിതനാവുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയുമായിരുന്നു. മകന്റെ വേർപാട് താങ്ങാനാകാതെ അമ്മ രാജിയാ ഖാത്തൂൻ ആ വാർത്ത കേട്ടയുടൻ കുഴഞ്ഞുവീണ് മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെട്ട സുബ്ഹാൻ കഴിഞ്ഞ 11 ദിവസമായി കടുത്ത മാനസിക വിഷമത്തിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ പ്രാർത്ഥനയ്ക്കായി ഖബറിസ്ഥാനിലേക്ക് പോയ സുബ്ഹാൻ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചു ചെന്നപ്പോഴാണ് കല്ലറയ്ക്ക് മുകളിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.

ഒരു കൈ മകന്റെ കല്ലറയിലും മറുകൈ ഭാര്യയുടെ കല്ലറയിലുമായി ചേർത്തുപിടിച്ച നിലയിലായിരുന്നു ശരീരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ നേരത്തെ തന്നെ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കടുത്ത മാനസികാഘാതം മൂലമുള്ള ഹൃദയസ്തംഭനമാകാം മരണകാരണമെന്ന് കരുതുന്നുണ്ടെങ്കിലും, കാലിൽ ഒരു പാട് കണ്ടെത്തിയതിനാൽ വിഷജീവികളുടെ കടിയേറ്റതാണോ എന്ന കാര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.