യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; യുഡിഎഫിനെ ഇപ്പോഴത്തെ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്? എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു; തുടര്‍നടപടികള്‍ ഒന്നും സ്വീകരിച്ചില്ല; സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍


യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; യുഡിഎഫിനെ ഇപ്പോഴത്തെ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്? എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു; തുടര്‍നടപടികള്‍ ഒന്നും സ്വീകരിച്ചില്ല; സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍




തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ബിജെപിക്ക് കീഴടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് പദ്ധതി നടപ്പാവില്ലെന്നും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഒരു സര്‍ക്കാര്‍ ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി നടപ്പാവില്ല. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മോണിറ്ററിങ് കമ്മിറ്റി വേണം. കൂടാതെ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളുടെ പട്ടികയും തയ്യാറാക്കി കേന്ദ്രത്തിന് അയക്കണം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുകമാത്രമാണ് ചെയ്തത്. തുടര്‍നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കുകയോ, സ്‌കൂളുകളുടെ പട്ടിക കൈമാറുകയോ ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു. എന്നാല്‍ രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് സര്‍ക്കാരുകളും പിഎം ശ്രീ പദ്ധതി അംഗീകരിക്കുന്നതാണ് കാണുന്നത്. പദ്ധതിയെ അതിനിശിതമായ എതിര്‍ത്ത യുഡിഎഫ് ആ പദ്ധതി അംഗീകരിച്ച് നടപ്പാക്കുന്നതിന്റെ ഉദ്ദേശ ശുദ്ധി അവര്‍ തന്നെ വിശദീകരിക്കണം, ധാരണാപത്രം റദ്ദ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അവകാശം ഉണ്ട്, സംസ്ഥാന സര്‍ക്കാരിന് ഭേദഗതി ചെയ്യാന്‍ അവകാശമുണ്ട്. എന്നിട്ടും കേന്ദ്രസര്‍ക്കാരിന് കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

സംസ്ഥാനത്ത് പുതിയസര്‍ക്കാര്‍ അധികാരത്തിലേറി. നയപരമായി തീരുമാനിച്ചാല്‍ മാത്രമേ ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ ആവുകയുള്ളു. അത്തരത്തില്‍ ഒരു നയമാറ്റത്തിന് യുഡിഎഫിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അവര്‍ തന്നെ വ്യക്തമാക്കണം. കരാര്‍ ഒപ്പിട്ടാലും പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാരിന് കഴിയും. പഞ്ചാബ് സര്‍ക്കാര്‍ അതിന് ഉദാഹരണമാണെന്നും പിണറായി പറഞ്ഞു.

പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കാവുന്ന ഒന്നാണെന്നിരിക്കെ, അതില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന് എവിടെ നിന്നെങ്കിലും നിയമോപദേശം ലഭിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. പുതിയ അഡ്വക്കേറ്റ് ജനറല്‍ അത്തരമൊരു ഉപദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് പണം ലഭിച്ചുവെന്ന മുഖ്യമന്ത്രിയുടെ വാദവും വസ്തുതവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.

പിഎം ശ്രീ പദ്ധതിക്കായി കേന്ദ്രം കേരളത്തിന് പണം നല്‍കിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ്. കേരളത്തിന് ലഭിച്ചത് എസ്.എസ്.കെ ഫണ്ടാണെന്നും അത് വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള യൂണിഫോമിനും പാഠപുസ്തകങ്ങള്‍ക്കുമായി ക്രമീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.