കല്പറ്റ : കോട്ടത്തറ വൈപ്പടിയിൽ തനിച്ചുതാമസിച്ചിരുന്ന വയോധികയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ 16-കാരൻ പോലീസിന്റെ പിടിയിലായി. പണം ചോദിച്ചിട്ട് നൽകാത്തതിലുള്ള വിരോധമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി. കോട്ടത്തറ വൈപ്പടിയിൽ കുത്തിനി വീട്ടിൽ പാത്തു(85)വാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മേയ് 24-ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പാത്തുവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വയോധികയെ ക്രൂരമായി മർദിച്ച ശേഷം കഴുത്തിൽ വള്ളിചുറ്റി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നില്ലെങ്കിലും വയനാട് ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. പാത്തുവിന്റെ കഴുത്തിലെ എല്ലുകൾക്കും ഇടതു വാരിയെല്ലുകൾക്കും പൊട്ടലുണ്ടായിരുന്നു.
കൂടാതെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളും കണ്ടെത്തിയിരുന്നു. പിടിയിലായ പതിനാറുകാരൻ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മോഷണം, സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കൽ, പണം ആവശ്യപ്പെട്ട് പ്രായമായ സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളാണ് പിടിയിലായ 16-കാരൻ. അമിത ശല്യത്തെക്കുറിച്ച് മുൻപും പോലീസിന് പരാതികൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 2025 ഫെബ്രുവരിയിലും 2026 ജനുവരിയിലുമായി രണ്ടുതവണ പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചിരുന്നതുമാണ്.
പ്രതിയെക്കുറിച്ച് തുടക്കത്തിൽ യാതൊരു സൂചനയും ലഭിക്കാതിരുന്ന കേസിൽ ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രന്റെ നിർദേശപ്രകാരം കല്പറ്റ ഡിവൈ.എസ്.പി. അഷ്‌റഫ് തേങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. വിരലടയാള വിദഗ്‌ധർ, ഡോഗ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെ പോലീസിലെ വിവിധ വിഭാഗങ്ങൾ നടത്തിയ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണമാണ് ഒടുവിൽ പ്രതിയായ പതിനാറുകാരനിലേക്ക് എത്തിച്ചേർന്നത്.
