അണ്ണാമലൈയുടെ സംഘടനയിലേക്ക് ആദ്യ മണിക്കൂറില്‍ ഒഴുകിയെത്തിയത് അഞ്ച് ലക്ഷം പേര്‍! പിന്നാലെ സോഷ്യല്‍ മൂവ്മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത; 'മക്കള്‍ മേടൈ' പ്രഖ്യാപനം അണ്ണാമലൈക്ക് കൃത്യമായ മറുപടിയോ? തമിഴക രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍

അണ്ണാമലൈയുടെ സംഘടനയിലേക്ക് ആദ്യ മണിക്കൂറില്‍ ഒഴുകിയെത്തിയത് അഞ്ച് ലക്ഷം പേര്‍! പിന്നാലെ സോഷ്യല്‍ മൂവ്മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത; 'മക്കള്‍ മേടൈ' പ്രഖ്യാപനം അണ്ണാമലൈക്ക് കൃത്യമായ മറുപടിയോ? തമിഴക രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍



ചെന്നൈ: തമിഴ്നാട് മുന്‍ ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചതിന് പിന്നാലെ, തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്ത് പുതിയ സോഷ്യല്‍ മൂവ്മെന്റുമായി രംഗത്ത്. 'മക്കള്‍ മേടൈ' എന്ന പേരിലാണ് ലത രജനീകാന്ത് പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. തങ്ങള്‍ രൂപീകരിച്ച ഈ മൂവ്മെന്റിന്റെ ഭാഗമാകാന്‍ താല്പര്യമുള്ള ആര്‍ക്കും ഇതിലേക്ക് കടന്നുവരാമെന്ന് ലത രജനീകാന്ത് വ്യക്തമാക്കി.

അണ്ണാമലൈ തന്റെ പുതിയ സംഘടനയുടെ പ്രഖ്യാപനത്തിനിടെ രജനീകാന്തിന്റെ പേര് പരാമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ലത രജനീകാന്ത് സമൂഹമാധ്യമത്തിലൂടെ പുതിയ കൂട്ടായ്മയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടത്. തന്റെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ചും രജനീകാന്തുമായുള്ള ബന്ധത്തെക്കുറിച്ചും അണ്ണാമലൈ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. രജനീകാന്തിന്റെ ആശിര്‍വാദത്തോടെയാണ് താന്‍ ബി.ജെ.പിയിലേക്ക് എത്തിയതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ലത രജനീകാന്തിന്റെ പുതിയ നീക്കത്തിലൂടെ അണ്ണാമലൈ ആരംഭിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ മൂവ്മെന്റിന്റെയോ ഭാഗമല്ല രജനീകാന്ത് എന്ന വ്യക്തമായ സൂചനയാണ് പുറത്തുവരുന്നത്.

അതേസമയം, തമിഴ്നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പുതിയ രാഷ്ട്രീയ നീക്കം നടത്തുന്നതെന്ന് കെ. അണ്ണാമലൈ വ്യക്തമാക്കി. ബി.ജെ.പിയില്‍ തുടരുന്ന സമയത്ത് തന്നെ പാര്‍ട്ടി നിലപാടുകളിലുള്ള തന്റെ അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി തുറന്നുപറഞ്ഞിരുന്നു. 2025 ഡിസംബര്‍ 4-ന് തന്നെ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം അതിന് അനുവദിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് വരെ താന്‍ പദവിയില്‍ തുടര്‍ന്നത്. തമിഴ്നാട്ടില്‍ ബി.ജെ.പി മറ്റേതെങ്കിലും പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെ തനിച്ച് മത്സരിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും, ഇക്കാര്യം പലതവണ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അംഗീകരിച്ചില്ലെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

2020-ല്‍ താന്‍ ആരംഭിച്ച 'വി ദ ലീഡര്‍' (We the Leader) എന്ന സമൂഹമാധ്യമ കൂട്ടായ്മയാണ് പുതിയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി അണ്ണാമലൈ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ കൂട്ടായ്മയ്ക്ക് കീഴില്‍ 'ദി മൂവ്മെന്റ് ബിലോങ്‌സ് ടു ദി പീപ്പിള്‍' (The Movement Belongs to the People) എന്ന പേജാണ് പുതിയ സംഘടനയില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ക്കുള്ള ലിങ്കായി നല്‍കിയിരിക്കുന്നത്. സംഘടന പ്രഖ്യാപിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് അണ്ണാമലൈയുടെ പുതിയ പ്രസ്ഥാനത്തില്‍ അംഗത്വമെടുത്തത്.