'അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക!' സമയോചിതമായി ബസ് നിര്‍ത്തി പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച രാമചന്ദ്രനും നവാസിനും അഭിനന്ദനങ്ങള്‍'; മുട്ടിലിഴഞ്ഞ് റോഡിലെത്തിയ കുഞ്ഞിനെ രക്ഷിച്ച പ്രൈവറ്റ് ബസ് ജീവനക്കാരെ അഭിനന്ദിച്ച് എംവിഡി

'അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക!' സമയോചിതമായി ബസ് നിര്‍ത്തി പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച രാമചന്ദ്രനും നവാസിനും അഭിനന്ദനങ്ങള്‍'; മുട്ടിലിഴഞ്ഞ് റോഡിലെത്തിയ കുഞ്ഞിനെ രക്ഷിച്ച പ്രൈവറ്റ് ബസ് ജീവനക്കാരെ അഭിനന്ദിച്ച് എംവിഡി


മലപ്പുറം: മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ പിഞ്ചുകുഞ്ഞിന് രക്ഷകരായ സ്വകാര്യ ബസ് ജീവനക്കാരെ അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എംവിഡി കേരളയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ബസ് ജീവനക്കാരായ രാമചന്ദ്രന്‍, നവാസ് എന്നിവരെ അഭിനന്ദിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൊണ്ടോട്ടി വലിയ പറമ്പില്‍ ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ആ സമയത്ത് സഫ മര്‍വ എന്ന ബസ് കടന്നുപോകുമ്പോഴാണ് കുഞ്ഞിനെ കണ്ടത്. നല്ല തിരക്കുള്ള റോഡിലാണ് കുഞ്ഞിനെ കണ്ടത്. ഡ്രൈവര്‍ രാമചന്ദ്രന്റെ സമയോചിത ഇടപെടലിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്താനായത്.

എംവിഡി കേരള പങ്കുവെച്ച കുറിപ്പ്

'നടുറോഡില്‍ മുട്ടില്‍ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ടാണ് ആ ബസ് നിര്‍ത്തിയത്. കൊണ്ടോട്ടി പുളിക്കല്‍ റോഡില്‍ വലിയപറമ്പില്‍ ആണ് സംഭവം. ബസ് നിര്‍ത്തി കുഞ്ഞിനെ രക്ഷിച്ചത് പുതിയിടത്ത് പറമ്പ് - ഫറോക്ക് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഫാ മര്‍വാ ബസ്സിലെ ജീവനക്കാരാണ്. ഡ്രൈവര്‍- ശ്രീ രാമചന്ദ്രന്‍, കണ്ടക്ടര്‍-ശ്രീ നവാസ്.

ബസ്സില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് തികച്ചും ഭീതിജനകമായ ആ രംഗം പുറംലോകം അറിയുന്നത്.

'അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക' എന്നത് തന്നെയാണ് ഡ്രൈവിങ്ങില്‍ ഉടനീളം നാം പാലിക്കേണ്ട മനോഭാവം. സമയോചിതമായി ബസ് നിര്‍ത്തുകയും മറ്റ് അപകടങ്ങള്‍ കൂടാതെ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ശ്രീ രാമചന്ദ്രനും ശ്രീ നവാസിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു'.

മലപ്പുറം കൊണ്ടോട്ടിയിലാണ് നെഞ്ചിടിപ്പുണ്ടാക്കുന്ന സംഭവമുണ്ടായത്. കുഞ്ഞ് നടുറോഡിലിരിക്കുന്നതിന്റെയും ഇതുകണ്ട് ബസ് നിര്‍ത്തി ജീവനക്കാരന്‍ കുഞ്ഞിനെ എടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊണ്ടോട്ടി പുളിക്കല്‍ റോഡില്‍ വലിയപറമ്പില്‍ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

നടുറോഡിലിരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും കണ്ടക്ടര്‍ ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. റോഡിന് സമീപത്തുള്ള വീട്ടില്‍നിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയത്. ഈസമയം, കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. കണ്ടക്ടര്‍ കുഞ്ഞിനെ കൈയിലെടുത്ത് കൊണ്ടുചെന്നപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്. ബസില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.