'അമ്മയിലെ ജനറല്‍ ബോഡിയിലെ തോല്‍വിക്ക് പകരം വീട്ടാന്‍, ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'; ലക്ഷ്മിപ്രിയക്ക് മറുപടിയുമായി മിഥിലാജ്

'അമ്മയിലെ ജനറല്‍ ബോഡിയിലെ തോല്‍വിക്ക് പകരം വീട്ടാന്‍, ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ; പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ മഹതിയോട് ഒന്നുമാത്രം'; ലക്ഷ്മിപ്രിയക്ക് മറുപടിയുമായി മിഥിലാജ്



കൊച്ചി: നടി അന്‍സിബ ഹസനുമായി ചേര്‍ത്ത് നടി ലക്ഷ്മിപ്രിയ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ മിഥിലാജ് അബ്ദുള്‍. ലക്ഷ്മിപ്രിയയുടെ പേര് നേരിട്ട് പറയാതെ, പരോക്ഷമായി സൂചിപ്പിച്ചാണ് മിഥിലാജ് ഫെയ്‌സ്ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ താന്‍ ലക്ഷ്മിപ്രിയയെ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വെച്ചുമാത്രമാണെന്ന് മിഥിലാജ് തുറന്നടിച്ചു. തനിക്കെതിരെ നടക്കുന്ന വ്യവസ്ഥാപിതമായ വ്യക്തിഹത്യക്കും അസത്യപ്രചാരണങ്ങള്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ലക്ഷ്മിപ്രിയ ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ക്കെതിരെ നടി അന്‍സിബ ഹസന്‍ പാലാരിവട്ടം പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ തികച്ചും വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയും, അതുവഴി തന്റെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു അന്‍സിബയുടെ പരാതി. ഈ വിവാദ അഭിമുഖത്തിലാണ് ലക്ഷ്മിപ്രിയ മിഥിലാജിനെക്കുറിച്ചും പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മിഥിലാജും നിയമപോരാട്ടവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

2026 January 30 , സമയം 2 pm - 3pm

തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ മൂന്ന് മണിക്കൂറോളം നീണ്ട മാനസിക പീഡനത്തിനൊടുവില്‍, ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയ ഖേദപ്രകടനത്തിന്റെ പകര്‍പ്പുപോലും നല്‍കാതെയാണ് അന്‍സിബ ഹസ്സനെയും സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സുധിയെയും അവര്‍ പറഞ്ഞയച്ചത്. ആ അടിയന്തര സാഹചര്യത്തിലാണ് അവര്‍ എന്നെ ബന്ധപ്പെടുന്നത്. കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഞാന്‍ ഉടന്‍ സ്റ്റേഷനിലെത്തി SI രേഷ്മയെ നേരില്‍ക്കണ്ടു. നിയമവിരുദ്ധമായ ആ ഏകപക്ഷീയ നടപടിക്കെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിച്ചു. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ പോകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ, നിവര്‍ത്തിയില്ലാതെ അവര്‍ ആ പകര്‍പ്പ് കൈമാറാന്‍ നിര്‍ബന്ധിതരായി.

ഈ നീതിനിഷേധത്തിന് വേദിയൊരുക്കിയ ആ 'മഹതി' അവിടെത്തന്നെ തറവാട്ടുസ്വത്തെന്ന പോലെ വിലസി നടപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ ഒരു വല്ലാത്ത നോട്ടം; പിന്നാലെ സ്റ്റേഷനിലെ ഓരോരുത്തരെയും കെട്ടിപ്പിടിച്ച് വിടപറഞ്ഞ് മടങ്ങുന്ന ആ കാഴ്ച! ഇന്ന് കോടതിയില്‍ അന്‍സിബ ഉയര്‍ത്തിക്കാട്ടുന്ന ആ നിര്‍ണ്ണായക തെളിവ്, അന്ന് ഞാനും സുഹൃത്തും പോരാടി വാങ്ങിയതാണ്. ആ തെളിവിനെതിരെ, തിരക്കഥാകൃത്തായ ആ 'മഹതി' മെനഞ്ഞെടുത്ത തട്ടിപ്പുകഥയാണ് ഇന്ന് പുറത്തുവന്നത്.

ഈ മഹതിയെ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതസെല്ലില്‍ വെച്ച് മാത്രമാണ്. ഇതിനു വിപരീതമായി, ഈ കാലയളവില്‍ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാന്‍ ഞാന്‍ ആ വ്യക്തിയെ പരസ്യമായി വെല്ലുവിളിക്കുന്നു. നുണകള്‍ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ ശരിക്കും സമ്മതിക്കണം!

അമ്മയിലെ ജനറല്‍ ബോഡിയിലെ തോല്‍വിക്ക് പകരം വീട്ടാന്‍, ബോംബെക്കാരി ചേച്ചിയുടെ നോര്‍ത്ത് ഇന്ത്യന്‍ ഐഡിയ പരീക്ഷിച്ചതാണെന്ന് മനസ്സിലായി. പിക്ചര്‍ അഭി ബാക്കി ഹെ മെരാ ദോസ്ത്.

എനിക്കെതിരെ നടത്തിയ ഈ വ്യക്തിഹത്യയ്ക്കും അസത്യ പ്രചാരണങ്ങള്‍ക്കും എതിരെ നിയമപരമായ നടപടികള്‍ ഞാന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പണവും സ്വാധീനവും നല്‍കി മാത്രം സൗഹൃദങ്ങള്‍ കെട്ടിപ്പടുത്ത് ശീലമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ:

''അന്‍സിബയുടെ പോരാട്ടത്തില്‍ ഞാനും എന്റെ സുഹൃത്തുക്കളും അവസാന ശ്വാസം വരെ കൂടെയുണ്ടാകും. അത് ഏത് അറ്റം വരെ പോകേണ്ടി വന്നാലും ശരി.'