
ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങൾക്കും പിന്നാലെ, പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ജൂൺ 22-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷ കഴിയുന്നത് വരെയാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കം ചെയ്തു. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.(India Temporarily Bans Telegram Amidst NEET Exam Concerns)
നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം പ്ലാറ്റ്‌ഫോം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്. ‘പേപ്പർ ലീക്ക്ഡ് നീറ്റ്’, ‘റീ-നീറ്റ് 2026’, ‘റീ-നീറ്റ് മാഫിയ’ തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ചാനലുകൾ വഴി ചോദ്യപേപ്പറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വലിയ തോതിൽ പണം തട്ടുന്നതായി കണ്ടെത്തിയിരുന്നു. ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി വ്യാപകമായ സൈബർ അന്വേഷണം നടക്കുന്നുണ്ട്.
ജൂൺ 30 വരെ ടെലഗ്രാമിലെ ‘മെസേജ് എഡിറ്റ്’ ഫീച്ചർ പ്രവർത്തനരഹിതമാക്കി. തട്ടിപ്പുകൾക്ക് വേദിയായ നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും ഇതിനകം നീക്കം ചെയ്തു. സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്യാൻ കേന്ദ്ര ഏജൻസികൾ നിർദ്ദേശിച്ചു. അതേസമയം, പ്രശ്നത്തിന്റെ മൂലകാരണം പരിഹരിക്കാതെ ആപ്പ് നിരോധിക്കുന്നത് ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുമെന്ന് ടെലഗ്രാം സ്ഥാപകൻ പവൽ ഡുറോവ് പ്രതികരിച്ചു
