
ചെന്നൈ: കോയമ്പത്തൂർ-ബെംഗളൂരു ബസിൽ കയറിയ യാത്രക്കാരന് ‘ദുബായിലേക്ക്’ ടിക്കറ്റ് നൽകി തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(ടി.എൻ.എസ്.ടി.സി). കഴിഞ്ഞദിവസം ഭവാനി ബൈപ്പാസിൽനിന്ന് ഹൊസൂരിലേക്ക് യാത്രചെയ്ത പി. ദാമോദരൻ എന്നയാൾക്കാണ് ടിക്കറ്റ് മെഷീനിലെ സോഫ്റ്റ് വെയർ തകരാർ കാരണം ‘ദുബായിലേക്ക്’ ടിക്കറ്റ് ലഭിച്ചത്. ടിക്കറ്റ് തുകയായി പതിനായിരം രൂപയും ഇതിൽ രേഖപ്പെടുത്തിയിരുന്നു. എന്തായാലും ദാമോദരൻ ടിക്കറ്റിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം ചർച്ചയാവുകയും ട്രോളന്മാർ ഏറ്റെടുക്കുകയുംചെയ്തു.
തിങ്കളാഴ്ചയാണ് ദാമോദരനും സുഹൃത്തായ രാജയും ഭവാനി ബൈപ്പാസിൽനിന്ന് ബസിൽ കയറിയത്. തമിഴ്‌നാട് സർക്കാരിന്റെ കോയമ്പത്തൂർ-ബെംഗളൂരു ബസിലായിരുന്നു യാത്ര. ഹൊസൂരിലേക്കുള്ള ടിക്കറ്റ് തുകയായി 150 രൂപയും നൽകി. എന്നാൽ, കണ്ടക്ടർ നൽകിയ ടിക്കറ്റ് പരിശോധിച്ചതോടെയാണ് ദാമോദരൻ ഞെട്ടിയത്. ഭവാനി ബൈപ്പാസിൽനിന്ന് ’21-ദുബായ്, യുഎഇ’ എന്ന സ്ഥലത്തേക്കാണ് യാത്രയെന്നാണ് ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നത്. പുരുഷയാത്രക്കാരന് ഒരാൾക്ക് പതിനായിരം രൂപയാണ് തുകയെന്നും ടിക്കറ്റിലുണ്ടായിരുന്നു. ഈ ടിക്കറ്റാണ് ദാമോദരൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട്‌ചെയ്തു.
അതേസമയം, സംഭവം ചർച്ചയായതോടെ ടി.എൻ.എസ്.ടി.സി. വിശദീകരണവുമായി രംഗത്തെത്തി. ടിക്കറ്റ് മെഷീനിലെ സോഫ്റ്റ് വെയർ തകരാർ കാരണമാണ് ഇത് സംഭവിച്ചതെന്നായിരുന്നു ടി.എൻ.എസ്.ടി.സി. സേലം ഡിവിഷൻ അധികൃതരുടെ വിശദീകരണം.
