തൃശ്ശൂര്‍ നഗരമധ്യത്തില്‍ ജനവാസ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു.

'സര്‍വീസ് മോശം', പണം തരില്ലെന്ന് പറഞ്ഞ് തുടങ്ങിയ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; തൃശൂരില്‍ വാടക വീട്ടിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ചത് 27 കാരനായ ഒഡീഷ സ്വദേശി; നാല് സ്ത്രീകളടക്കം ആറ് പേര്‍ അറസ്റ്റില്‍; അസമിലേക്ക് കടന്ന പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്!


തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരമധ്യത്തില്‍ ജനവാസ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. തൃശ്ശൂര്‍ എം.ജി റോഡിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ധന്‍പത് നായിക് (27) ആണ് തലച്ചോറിനേറ്റ ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് അസം, ഒഡീഷ സ്വദേശികളായ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അടക്കം ആറുപേരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഈ മാസം 18-ാം തീയതി വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് തൃശ്ശൂര്‍ സ്വരാജ് റൗണ്ടിന് വെറും 50 മീറ്റര്‍ മാത്രം അകലെയുള്ള കോരപ്പത്ത് ലൈനിലെ വാടകവീട്ടില്‍ വെച്ച് ദാരുണമായ ഈ സംഭവം നടക്കുന്നത്. ധന്‍പത് നായിക്കും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും ഈ കേന്ദ്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ ലൈംഗിക ബന്ധത്തിന് ശേഷം ഇവിടെ നല്‍കിയ സര്‍വീസ് മോശമാണെന്ന് ആരോപിച്ച് പണം നല്‍കാതെ ഇവര്‍ മടങ്ങാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് കേന്ദ്രം നടത്തിപ്പുകാരായ എട്ടംഗ സംഘം ഇവരെ തടഞ്ഞുനിര്‍ത്തുകയും ഇടിവള ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് ഭയന്ന് അന്ന് രാത്രി ഇവര്‍ ചികിത്സ തേടാന്‍ തയ്യാറായില്ല. എന്നാല്‍ പിറ്റേദിവസം ധന്‍പതിന്റെ ആരോഗ്യനില വഷളായതോടെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

തൃശ്ശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്താണ് ഒഡീഷ സ്വദേശിയായ ബിച്ചുനായിക്കിന്റെ നേതൃത്വത്തില്‍ ഈ അനാശാസ്യ കേന്ദ്രം നടത്തിവന്നിരുന്നത്. ഫ്‌ലാറ്റുകളും വീടുകളും നിറഞ്ഞ ജനവാസ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഒരിടം എന്ന നിലയിലാണ് നാട്ടുകാര്‍ ഇതിനെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ അയല്‍വാസികള്‍ക്ക് യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല. നാട്ടുകാരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കെട്ടിടത്തിന്റെ പുറകു വശത്തെ വഴിയിലൂടെ മാത്രമാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. കൂടാതെ, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമായിരുന്നു ഈ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൊലപാതകത്തെക്കുറിച്ച് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നഗരമധ്യത്തിലെ ഈ വന്‍ പെണ്‍വാണിഭ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

കേസുമായി ബന്ധപ്പെട്ട് നിലവില്‍ ആറുപേര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ടെങ്കിലും ഈ സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവര്‍ ഇതിനോടകം അസമിലേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന. തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തും പ്രതികളെ കേന്ദ്രീകരിച്ചും കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.