തിരുവനന്തപുരത്ത് 687 ബസ്, മലപ്പുറത്ത് വെറും 98! കണ്ണൂരില്‍ 205,യു.ഡി.എഫിന്റെ 'പ്രിയദര്‍ശിനി' സ്ത്രീ സൗജന്യ യാത്ര മലബാറിലെ സ്ത്രീകള്‍ക്ക് കിട്ടാക്കനിയാകുമോ? ജില്ല തിരിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്; കെ.എസ്.ആര്‍.ടി.സിയിലെ തെക്ക്-വടക്ക് വിവേചനത്തിനെതിരെ സഭയില്‍ വി.ടി ബല്‍റാം; ശരി വച്ച് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദര്‍ശിനി' ജൂണ്‍ 15 മുതല്‍ ആരംഭിക്കുകയാണ്. ആദ്യം 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുമെന്നും, അതിനുശേഷമുള്ള വിശദമായ പഠനത്തിന് ശേഷമേ മറ്റ് ബസുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്ന കാര്യം തീരുമാനിക്കൂ എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇതിന്റെ ആനുകൂല്യം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സ്ത്രീകള്‍ക്ക് ഒരുപോലെ ലഭിക്കുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നുള്ള ഓര്‍ഡിനറി ബസുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഈ കണക്കുകള്‍ പ്രകാരം തെക്കന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ (മലബാര്‍ മേഖലയില്‍) ഇവയുടെ എണ്ണം വളരെ കുറവാണ്. സംസ്ഥാനത്താകെയുള്ള 3125 ഓര്‍ഡിനറി ബസുകളില്‍ 687 ബസുകളും തിരുവനന്തപുരം ജില്ലയിലാണ് ഉള്ളത്. തൊട്ടടുത്തുള്ള കൊല്ലം ജില്ലയില്‍ 415 ബസുകളും എറണാകുളത്ത് 325 ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം, യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ എം.എല്‍.എമാരെ നല്‍കിയ ജില്ലയായിട്ടും മലപ്പുറത്തിനാണ് ഈ പദ്ധതിയില്‍ ഏറ്റവും കുറഞ്ഞ പരിഗണന ലഭിച്ചിരിക്കുന്നത്. വെറും 98 ഓര്‍ഡിനറി ബസുകള്‍ മാത്രമുള്ള മലപ്പുറം ജില്ലയാണ് പട്ടികയില്‍ ഏറ്റവും ഒടുവിലുള്ളത്. പാലക്കാട് (122), ഇടുക്കി (125) എന്നീ ജില്ലകളിലും ഓര്‍ഡിനറി ബസുകള്‍ കുറവാണ്. മറ്റ് ജില്ലകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ പത്തനംതിട്ടയില്‍ 150, ആലപ്പുഴയില്‍ 227, കോട്ടയത്ത് 162, തൃശൂരില്‍ 153, കോഴിക്കോട്ട് 156, വയനാട്ടില്‍ 172, കണ്ണൂരില്‍ 205, കാസര്‍ഗോഡ് 128 എന്നിങ്ങനെയാണ് ഓര്‍ഡിനറി ബസുകളുടെ എണ്ണം.
ബസുകളുടെ ഈ വലിയ അസമത്വം കാരണം സര്‍ക്കാരിന്റെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഗുണം ഭൂരിഭാഗം വരുന്ന മലബാറിലെ സ്ത്രീകള്‍ക്കും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ നിയമസഭയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ സ്ഥാപിച്ച് യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മലബാര്‍ മേഖലയില്‍ കെ.എസ്.ആര്‍.ടി.സി സൗകര്യങ്ങള്‍ വളരെ പരിമിതമാണെന്നും, പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാമമാത്രമായ ഡിപ്പോകള്‍ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം സഭയെ അറിയിച്ചു. ഈ യാത്രാക്ലേശം പരിഹരിക്കാനും പ്രാദേശികമായുള്ള വിവേചനം മാറ്റാനും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി.ടി. ബല്‍റാം ഉന്നയിച്ച പ്രമേയം അതീവ ഗൗരവമുള്ളതാണെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ സഭയില്‍ മറുപടി നല്‍കി. വടക്കന്‍ ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വളരെ കുറവാണെന്ന വസ്തുത മന്ത്രി സമ്മതിക്കുകയും ചെയ്തു. നിലവിലെ കണക്കനുസരിച്ച് കെ.എസ്.ആര്‍.ടി.സിയുടെ ആകെ ബസുകളില്‍ 24.3 ശതമാനവും സര്‍വീസുകളില്‍ വെറും 33 ശതമാനവും മാത്രമാണ് മലബാര്‍ മേഖലയിലുള്ളത്. വടക്കന്‍ മേഖലയിലേക്ക് കൂടുതല്‍ ബസുകള്‍ അനുവദിക്കുന്ന കാര്യം പഠിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 15-ന് രാവിലെ 8.30-ന് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും ഗതാഗത മന്ത്രി സി.പി. ജോണ്‍ അറിയിച്ചു.
