സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തോന്നുംപോലെ; അര്‍ദ്ധരാത്രിയിലും വൈദ്യുതി മുടക്കം: വലഞ്ഞ് ജനം

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തോന്നുംപോലെ; അര്‍ദ്ധരാത്രിയിലും വൈദ്യുതി മുടക്കം: വലഞ്ഞ് ജനം



തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം മുന്നറിയിപ്പില്ലാതെ മണിക്കൂറുകള്‍ നീളുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ അടിക്കിടെ വൈദ്യുതി തടസ്സപ്പെടുന്നതോടെ ജനം വലയുന്നു. ശനിയും ഞായറും ഒന്നിലേറെ തവണ ലോഡ് ഷെഡ്ഡിങ്ങുണ്ടായി. പള്‍സ് പോളിയോ വിതരണം നടന്ന ഞായറാഴ്ച പകലും വ്യാപകമായി വൈദ്യുതി നിലച്ചു. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെ നിയന്ത്രണം നീണ്ടു. ശനി രാത്രി ഒന്നിനു ശേഷവും പലയിടത്തും വൈദ്യുതി മുടങ്ങി.

ഫുട്‌ബോള്‍ ലോകകപ്പ് മത്സരം നടക്കുന്ന സമയത്ത് തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതില്‍ ഫുട്ബോള്‍ ആരാധകരും രോഷത്തിലാണ്. 30 വരെ വൈകിട്ട് ആറിനും രാത്രി 12-നും ഇടയില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതെല്ലാം തെറ്റിച്ചാണ് പലതവണ ദൈര്‍ഘ്യമേറിയ നിയന്ത്രണം ഉണ്ടാകുന്നത്. ശനിയാഴ്ച രാത്രി വൈദ്യുതി ലഭ്യതയില്‍ 250 മുതല്‍ 622 മെഗാവാട്ടിന്റെ വരെ കുറവുണ്ടായി.

അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 20.89 ശതമാനംമാത്രമെ വെള്ളമുള്ളു. ശനിയാഴ്ച ഉപഭോഗം 86.92 ദശലക്ഷം യൂണിറ്റായിരുന്നു. ആഭ്യന്തര ഉല്‍പ്പാദനം 17.32 ദശലക്ഷം യൂണിറ്റും (ഉപഭോഗത്തിന്റെ 19.9 ശതമാനം). മഴ ശക്തമായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വേണ്ട ക്രമീകരണം നടത്തുന്നതില്‍ വൈദ്യുതി വകുപ്പ് പരാജയപ്പെട്ടതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.