മംഗളൂരുവിൽ പയ്യന്നൂർ സ്വദേശിയായ സ്വർണ്ണ വ്യാപാരിക്ക് നേരെ ആക്രമണം: കാറും സ്വർണ്ണവും കവർന്നു

മംഗളൂരുവിൽ  പയ്യന്നൂർ സ്വദേശിയായ സ്വർണ്ണ വ്യാപാരിക്ക് നേരെ ആക്രമണം: കാറും സ്വർണ്ണവും കവർന്നു 



മംഗളൂരു: ദേശീയപാതയിൽ വാഹനം തടഞ്ഞുനിർത്തി മലയാളി വ്യാപാരിയെ ആക്രമിച്ച ശേഷം കാറും സ്വർണ്ണാഭരണങ്ങളും കവർന്നു. തിങ്കളാഴ്ച പുലർച്ചെ മംഗളൂരു ബൈകംപാടിക്ക് സമീപമാണ് സംഭവം നടന്നത്. പയ്യന്നൂർ സ്വദേശിയായ വികാസ് സഞ്ചരിച്ച കാറാണ് ഏഴംഗ സംഘം തട്ടിയെടുത്തത്.(Mangaluru Gang Robs Kerala Businessman Of Car And Gold)

മുംബൈയിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു വികാസ്. പുലർച്ചെ 2:30-ഓടെ ബൈകംപാടിയിലെ ദ്വാര ഹോട്ടലിന് സമീപമെത്തിയപ്പോൾ മൂന്ന് കാറുകളിലായി എത്തിയ സംഘം വികാസിന്റെ വാഹനം തടയുകയായിരുന്നു.

വികാസിനെ ബലമായി പുറത്തിറക്കിയ ശേഷം, വാഹനത്തിനുള്ളിൽ ഭാര്യയും മകനും ഉണ്ടായിരിക്കെ തന്നെ അക്രമിസംഘം കാറുമായി കടന്നുകളഞ്ഞു. പിന്നീട് പനംബൂർ ബീച്ച് റോഡിന് സമീപം വെച്ച് കുടുംബത്തെ ഭീഷണിപ്പെടുത്തി ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു. തുടർന്ന് ഇവരെ വഴിയിൽ ഉപേക്ഷിച്ച ശേഷം വാഹനം തട്ടിയെടുത്ത അക്രമികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പനംബൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു