‘ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു’: പ്രഖ്യാപനവുമായി ട്രംപ്, നിഷേധിച്ച് ഇറാൻ

‘ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു’: പ്രഖ്യാപനവുമായി ട്രംപ്, നിഷേധിച്ച് ഇറാൻ 


വാഷിംഗ്ടൺ : ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സംഘർഷം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുപ്രവർത്തിക്കാനും ലക്ഷ്യമിട്ടുള്ള ഒരു ‘മഹത്തായ കരാറിൽ’ ഇരുരാജ്യങ്ങളും എത്തിയതായാണ് ട്രംപ് അവകാശപ്പെട്ടത്. വരും ദിവസങ്ങളിൽ യൂറോപ്പിൽ വെച്ച് ഈ കരാർ ഒപ്പിടുമെന്നും, ഇതിനായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പങ്കെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.(Donald Trump Claims End To Iran Conflict Amidst Denial From Tehran)

എന്നാൽ, ട്രംപിന്റെ പ്രഖ്യാപനം ഇറാൻ നിഷേധിച്ചു. ഇത്തരമൊരു അന്തിമ കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്നും, പുറത്തുവരുന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചത്. കരാർ അന്തിമമാകുന്നതുവരെ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.

ഇറാനിലെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് വ്യാഴാഴ്ച രാവിലെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തുടർച്ചയായ രണ്ടാം ദിവസവും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചത്.