
വടക്കാഞ്ചേരി: തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗബാധ ഉണ്ടായത്. ഇവര്‍ കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലേക്ക് യാത്ര പോയിരുന്നു. തിരിച്ചെത്തിയതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചതോടെ ബോധവത്കരണ ക്ലാസുകള്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ തിരുവനന്തപുരം കാട്ടാക്കടയില്‍ ബേക്കറിയില്‍ വില്‍പനയ്ക്ക് വെച്ചിരുന്ന പാനീയത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്നലെ മാത്രം 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ 132 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്
