കണ്ണൂർ ഇരിണാവിൽ വച്ച് അനധികൃതമായി കൊണ്ടു പോവുകയായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി

ഇരിണാവിൽ വച്ച് അനധികൃതമായി കൊണ്ടു പോവുകയായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി


കണ്ണൂർ: അമിത വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് അനധികൃതമായി കൊണ്ടു പോവുകയായിരുന്ന 24 ഗ്യാസ് സിലിണ്ടറുകള്‍ കണ്ണൂർ താലൂക്കിലെ കണ്ണപുരം ഇരിണാവ് റോഡിന് സമീപം പിടികൂടി.

ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ.ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയെ തുടർന്ന് അഗ്നി ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിന്റെ വാഹനത്തില്‍ നിന്നാണ് സിലിണ്ടറുകള്‍ പിടികൂടിയത്.

താലൂക്ക് സപ്ലൈ ഓഫീസർ ജെ.എം.സ്മിത, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പി.വി.വിനോദ് കുമാർ, കെ.റിജേഷ്, സി.രാജീവൻ, വൈ.റോബെർട്ട് എന്നിവരാണ് പരിശോധന ടീമിലെ മറ്റംഗങ്ങള്‍. 

തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിലവില്‍ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് കണക്ഷൻ വീടുകളില്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ അവരുടെ ഗാർഹിക ഗ്യാസ് സിലിണ്ടറുകള്‍ ഗ്യാസ് ഏജൻസി വഴി തിരികെ നല്‍കേണ്ടതാണെന്നും, അല്ലാത്ത പക്ഷം അത്തരം ഉപഭോക്താക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.