കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; അവന് ആരോടും ശത്രുതയില്ല; 'സിജോ അപായപ്പെടാന്‍ സാധ്യതയില്ല'; കല്ലറ തുറക്കാന്‍ പോലീസ് എത്തുമ്പോള്‍ വാണിയപ്പാറയില്‍ വീണ്ടും ട്വിസ്റ്റ്; വെളിപ്പെടുത്തലുമായി ഭാര്യ നിഖില

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; അവന് ആരോടും ശത്രുതയില്ല; 'സിജോ അപായപ്പെടാന്‍ സാധ്യതയില്ല'; കല്ലറ തുറക്കാന്‍ പോലീസ് എത്തുമ്പോള്‍ വാണിയപ്പാറയില്‍ വീണ്ടും ട്വിസ്റ്റ്; വെളിപ്പെടുത്തലുമായി ഭാര്യ നിഖില


കണ്ണൂര്‍: നാടിനെ നടുക്കിയ കണ്ണൂര്‍ വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹതയില്‍ വന്‍ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് പുതിയ വെളിപ്പെടുത്തല്‍. കല്ലറയ്ക്കുള്ളില്‍ കണ്ടെത്തിയെന്ന് സംശയിക്കപ്പെടുന്ന ആ അജ്ഞാത മൃതദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്റെ ഭര്‍ത്താവ് സിജോ സ്‌കറിയയുടേതാകാന്‍ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കി ഭാര്യ നിഖില രംഗത്തെത്തി. കാണാതായ സിജോയെ ആരോ അപായപ്പെടുത്തി കല്ലറയ്ക്കുള്ളില്‍ ഒളിപ്പിച്ചതാണെന്ന കുടുംബത്തിന്റെ കടുത്ത ആരോപണങ്ങള്‍ നിലനില്‍ക്കെയാണ്, സ്വന്തം ഭാര്യ തന്നെ ആ വാദങ്ങളെ തള്ളിക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്.

കോഴിക്കോട് വിലങ്ങാട് സ്വദേശിയായ സിജോ സ്‌കറിയ നാടുവിട്ടുപോയിട്ട് ഇപ്പോള്‍ നീണ്ട 12 വര്‍ഷങ്ങളായി. ആറ് വര്‍ഷം മുന്‍പാണ് ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം കുറ്റ്യാടി പോലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ കണ്ണൂര്‍ വാണിയപ്പാറയിലെ കല്ലറയില്‍ കണ്ടെത്തിയ മൂന്നാമത്തെ മൃതദേഹം സിജോയുടേതാണെന്ന കുടുംബത്തിന്റെ സംശയത്തിന് പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഭാര്യ നിഖില മറുനാടനോട് വ്യക്തമാക്കുന്നത്.

സിജോയ്ക്ക് വാണിയപ്പാറ പ്രദേശവുമായി യാതൊരുവിധ ബന്ധവുമില്ല. ഇനി ആരെങ്കിലും അദ്ദേഹത്തെ അപായപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തന്നെ അത് വിലങ്ങാട് ഭാഗത്ത് വെച്ച് മാത്രമേ നടക്കാന്‍ സാധ്യതയുള്ളൂ. കടുത്ത മദ്യപാന ശീലമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആരോടും വഴക്കിനോ ശത്രുതയ്‌ക്കോ പോകുന്ന പ്രകൃതക്കാരനായിരുന്നില്ല സിജോ. മദ്യപിച്ചാല്‍ നേരെ വീട്ടില്‍ വന്നു കിടന്നുറങ്ങുന്ന ആളായിരുന്നു. അതുകൊണ്ട് തന്നെ കല്ലറയിലുള്ളത് സിജോ അല്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും എങ്കിലും കുടുംബത്തിന്റെ സംശയം തീര്‍ക്കാന്‍ പോലീസ് അന്വേഷണം നടക്കട്ടെയെന്നും നിഖില പറഞ്ഞു.

അതേസമയം, സിജോയുടെ കുടുംബം നല്‍കിയ പരാതി അത്ര ലളിതമായി കാണാന്‍ പോലീസ് തയ്യാറായിട്ടില്ല. കോഴിക്കോട് നിന്നുള്ള പ്രത്യേക പോലീസ് സംഘം കഴിഞ്ഞ ദിവസം വാണിയപ്പാറ പള്ളിയിലെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. പള്ളി അധികാരികളുടെയും സിജോയുടെ കുടുംബത്തിന്റെയും കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കല്ലറ തുറന്ന് പരിശോധിക്കാന്‍ തന്നെയാണ് പോലീസ് തീരുമാനം.

ഇരിട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയല്‍ സംഘത്തിന്റെയും പേരാവൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കല്ലറ തുറക്കാനുള്ള അടിയന്തര നടപടികള്‍ പുരോഗമിക്കുന്നത്. നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ ഒന്‍പതോളം സാക്ഷികളെയും പോലീസ് സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.

നിലവിലുള്ള രേഖകള്‍ പ്രകാരം 2006-ല്‍ അടക്കം ചെയ്ത മറിയക്കുട്ടി, 2015-ല്‍ അടക്കം ചെയ്ത ജെയിംസ് എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഈ കല്ലറയില്‍ ഉണ്ടാകേണ്ടത്. ഇവരുടെ അവശിഷ്ടങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും നാട്ടുകാര്‍ക്കിടയിലും കുടുംബത്തിനിടയിലും സംശയം പുകയുകയാണ്.

കല്ലറ തുറക്കുമ്പോള്‍ രണ്ടില്‍ കൂടുതല്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ കേസ് വന്‍ കൊലപാതക അന്വേഷണത്തിലേക്ക് വഴിമാറും. അങ്ങനെ വന്നാല്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള അതീവ സങ്കീര്‍ണ്ണമായ ഫോറന്‍സിക് പരിശോധനകളിലേക്ക് പോലീസിന് കടക്കേണ്ടി വരും. കല്ലറയ്ക്കുള്ളില്‍ ശരിക്കും മൂന്നാമതൊരു മൃതദേഹം ഒളിപ്പിച്ചിട്ടുണ്ടോ? അത് കാണാതായ സിജോയുടേതാണോ? അതോ മറ്റാരെങ്കിലുമാണോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.