മുഹറം ഘോഷയാത്ര അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ എലിവിഷമടങ്ങിയ ഗുളിക വിതരണം ചെയ്തയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശിയായ ഫയാസ് പ്രേംജിയാണ് പിടിയിലായത്.

ലക്ഷ്യമിട്ടത് 15,000 പേരെ കൊല്ലാൻ; മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത യുവാവ് പിടിയിൽ



മുംബൈ: മുഹറം ഘോഷയാത്ര അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ എലിവിഷമടങ്ങിയ ഗുളിക വിതരണം ചെയ്തയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശിയായ ഫയാസ് പ്രേംജിയാണ് പിടിയിലായത്. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ മരുന്ന് എന്ന പേരില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഏകദേശം 15,000 ഗുളികകളാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയില്‍ ഇവയില്‍ സിങ്ക് ഫോസ്ഫൈഡ് എന്ന വിഷാംശമുള്ള രാസവസ്തു അടങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പ്രതി പുനെ വിമന്‍ നഗര്‍ സ്വദേശിയാണെന്നും പെയിന്‍റ് വ്യാപാരം നടത്തുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. 15 ദിവസം മുമ്പാണ് ഇയാള്‍ മുംബൈയിലെ ഡോംഗ്രി മേഖലയില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. അന്വേഷണത്തിനിടെ 2025-ല്‍ ഇയാള്‍ ഇറാനും ഇറാഖും സന്ദര്‍ശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഈ യാത്രകളുടെ ലക്ഷ്യവും മറ്റ് ബന്ധങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മുഹറം ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ഷീണം മാറ്റാനെന്ന പേരില്‍ വിഷഗുളിക നല്‍കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് ആരോരപിച്ചു. അന്വേഷണം തുടരുകയാണ്.

പൊലീസിന്റെ കൃത്യമായ ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ 14900 കാപ്സ്യൂളുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ള കാപ്സ്യൂളുകളെക്കുറിച്ചും കെമിക്കലുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ വിദേശ യാത്രാ വിവരങ്ങളും മുംബൈയിൽ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 123 പ്രകാരം ബൈക്കുള പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാർത്ഥങ്ങൾ നൽകി പരിക്കേൽപ്പിക്കുന്നതിനെതിരെയുള്ള വകുപ്പാണിത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.