യുകെയിൽ മരണപ്പെട്ട കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശി ആന്റണി തോമസ് ഇനി ഓർമകളിൽ മാത്രം. അന്ത്യ വിശ്രമം വെല്ലിങ്ടൺ സെമിത്തേരിയിൽ

യുകെയിൽ മരണപ്പെട്ട ചിറ്റാരിക്കാൽ സ്വദേശി ആന്റണി തോമസ് ഇനി ഓർമകളിൽ മാത്രം. അന്ത്യ വിശ്രമം വെല്ലിങ്ടൺ സെമിത്തേരിയിൽ


ടെൽഫോർഡ്: കാസർഗോഡ് ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയായ ആന്റണി തോമസിന്റെ മൃതസംസ്കാരം മെയ് 30ന് ടെലിഫോർഡിൽ വച്ച് നടത്തപ്പെട്ടു. മൃതസംസ്കാര പ്രാർത്ഥനകൾ രാവിലെ 10 മണി മുതൽ ഔർ ലേഡി ഓഫ് ദി റോസറി & സൈന്റ്റ് ലുക്ക് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. പ്രാർത്ഥനകൾക്ക് ശേഷം 12.30ന് ടെലിഫോർഡ് ക്രീമറ്റോറിയത്തിൽ വച്ച് ശവദാഹം നടന്നു. ആന്റണിയുടെ ദഹനശേഷിപ്പുകൾ ടെൽഫോർഡിലെ വെല്ലിങ്ടൺ സെമിത്തേരിയിൽ ജൂൺ 2ന് അടക്കം ചെയ്തു.


പള്ളിയിൽ വച്ച് നടന്ന മൃതസംസ്കാര ശുശ്രുഷക്ക് ബഹുമാനപ്പെട്ട ജോർജ് ചേലക്കൽ അച്ചൻ നേതൃത്വം നൽകി. ഫാദർ. രവി ബോസ്കോ, ഫാദർ. ഫ്രാൻസിസ് എന്നിവർ സഹകാർമികർ ആയിരുന്നു. അകാലത്തിൽ പൊലിഞ്ഞുപോയ സുഹൃത്തിനെ അവസാനവട്ടം കാണുവാൻ വേണ്ടി ആന്റണിയുടെ സ്വദേശമായ മണ്ഡപം – ചിറ്റാരിക്കാൽ പ്രദേശത്തുനിന്നും യുകെയിൽ കുടിയേറിപ്പാർത്ത ധാരാളം സുഹൃത്തുക്കൾ ആന്റണിയുടെ അന്ത്യയാത്ര വേളയിൽ സന്നിഹിതരായിരുന്നു. യുക്മക്ക് വേണ്ടി യുക്മ നാഷണൽ സെക്രട്ടറി ശ്രീ ജയകുമാർ നായർ റീത്തു സമർപ്പിക്കുകയും, കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. യുക്മക്ക് വേണ്ടി നാഷണൽ കമ്മിറ്റി അംഗം ശ്രീ ബെന്നി അഗസ്റ്റിൻ കാർഡിഫ്, മിഡ്‌ലാൻഡ്‌സ് റീജിയണൽ ട്രഷറർ ശ്രീ. പോൾ ജോസഫ്, വെനെസ്‌ഫീൽഡ് അസോസിയേഷൻ യുക്മ പ്രതിനിധി ശ്രീ ജിബു ജേക്കബ്, ശ്രോപ്‌ഷെയർ അസോസിയേഷൻ യുക്മ പ്രതിനിധി ശ്രീ. ജേമിഷ് എന്നിവരും സന്നിഹിതരായിരുന്നു. ആന്റണിയുടെ 1981 SSLC ബാച്ചിനെ പ്രതിനിധീകരിച്ചുകൊണ്ട് ലൂട്ടനിലെ ശ്രീ ജോസഫ് ഇളയാനിതോട്ടം റീത്ത് സമർപ്പിക്കുകയും അവരുടെ കഴിഞ്ഞകാല സ്മരണകൾ ഓർമിപ്പിക്കുകയും യൂകെയിലെ ആറുമാസക്കാല ജീവിതം കഴിഞ് ഇനി ഒരിക്കലും തിരികെ വരില്ല എന്ന യാഥാർഥ്യം മനസിലാക്കാൻ ശ്രമിക്കുന്ന നാട്ടിലെ സഹപാടികൾക്ക് വേണ്ടിയും കൂടി അകാലത്തിൽ പൊലിഞ്ഞു പോയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ജോസഫ് ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. എന്നന്നേക്കുമായി യാത്രയാകുന്ന പ്രിയ സുഹൃത്തിനെ സ്നേഹം അറിയിക്കാൻ എത്തിയിരുന്ന ചിറ്റാരിക്കാൽ – മണ്ഡപം ദേശവാസികൾക്ക് വേണ്ടിയും യുകെയിലെ ചിറ്റാരിക്കാൽ സംഗമം യൂണിറ്റിന് വേണ്ടിയും കൂടി ശ്രീ ബെന്നി അഗസ്റ്റിൻ കിഴക്കേൽ പ്രിയ സുഹൃത്തിന്റെ ആത്മശാന്തിക്കായി ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മൃതസംസ്കാര പ്രാർത്ഥനകൾക്ക് ശേഷം ആന്റണിയുടെ മകൻ ആൽബിൻ ആന്റണി, സ്വന്തം പിതാവിന് അന്ത്യയാത്ര മൊഴി നൽകുന്ന അവസരത്തിൽ അവിടെ എത്തിയ എല്ലാ സുഹൃത്തുകൾക്കും നാട്ടുകാർക്കും സ്നേഹവും നന്ദിയും അറിയിച്ചു.


ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻറെ അടുത്ത് മാർച്ച് 22 ന് ഭാര്യ ജോളിയുമായി വന്നതായിരുന്നു ആന്റണി. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റർ കഴിഞ്ഞ ഉടനെ കൈകൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടർന്ന് വയ്യാതാകുകയും ചെയ്‌തു. ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറൽ അബ്‌സെസ്സ് എന്നാണ് എന്ന് കണ്ടുപിടിക്കുകയും ചെയ്‌തു. തുടർന്ന് സർജറി നടത്തുകയും രോഗാവസ്ഥയിൽ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് ഉണ്ടായ അതിശക്തമായ ആന്തരിക രക്ത സ്രാവത്തെ തുടർന്ന് ആന്റണിയുടെ ജീവൻ രക്ഷിക്കാൻ പറ്റാത്ത സ്ഥിതിയിൽ എത്തുകയും ചെയ്തു. തുടർന്ന് മെയ് നാലിന് രാവിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിൽ വച്ച് മരണപ്പെടുകയാണുണ്ടായത്.


ആന്റണി തോമസ് മലേപ്പറമ്പിൽ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയാണ്. 23 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആർമിയിൽ റഡാർ ഓപ്പറേറ്റർ ആയിരുന്നു. അദ്ദേഹം നല്ലൊരു കൃഷിക്കാരൻ കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യ ജോളി കുര്യൻ കമ്മാടം സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപിക ആണ്. ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻ ഒരു അപ്ലിക്കേഷൻ സ്പെഷ്യലിസ്റ് ആയി ജോലി ചെയ്യുന്നു. ആൽബിന്റെ ഭാര്യ ജാക്വിലിൻ ജോയ്. മകൾ കരോളിൻ സൗദിയിൽ. ഭർത്താവ് അമൽ അലക്സ്. കൊച്ചുമക്കൾ സ്റ്റീവൻ തോമസ്, സാറ സാവിയോ.


പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രെഷറർ ഷീജോ വര്ഗീസ്, വൈസ് പ്രസിഡന്റ് സ്മിതാ തോട്ടം, യുക്മ ദേശീയസമിതി അംഗം ജോർജ് തോമസ്, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ജോബി പുതുക്കുളങ്ങര, സെക്രെട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, ശ്രോപ്ഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബി ജോസ്, സെക്രട്ടറി വിഷ്ണു വിമൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേർന്നിരുന്നു.