സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട്: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട്: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക്് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. ഇടുക്കി മുതല്‍ കോഴിക്കോടുവരെയുള്ള ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്ടുള്ളത്. അതേസമയം, മൂന്നാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

അതേസമയം, മഹാരാഷ്ട്ര തീരത്തോട് ചേര്‍ന്ന്, മധ്യ- കിഴക്കന്‍ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലകൊള്ളുന്നുണ്ട്. വടക്കന്‍ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായുള്ള ചക്രവാത ചുഴിയും തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 03 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും നാളെ മുതല്‍ ജൂലൈ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് സാധ്യത.

കേരള - ലക്ഷദീപ് - കര്‍ണാടക തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള - ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.