
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നരവയസ്സുകാരന്‍ അര്‍ഷിദ് കൊല്ലപ്പെട്ട സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനുണ്ടായ വീഴ്ചയില്‍ കര്‍ശന നടപടി. കുട്ടി നിരന്തരം പീഡനത്തിനിരയായെന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിട്ടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപടിയെടുത്തില്ലെന്നാണ് വിവരം. കുട്ടിയുടെ അമ്മ അഖിലയുടെ മാതാവ് റീന വിളിച്ചറിയിച്ചിട്ടും നടപടി എടുക്കാതിരുന്ന താത്കാലിക ജീവനക്കാരനെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ അടിയന്തര നിര്‍ദേശം നല്‍കി. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി ഐഎഎസിനാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
കൊലപാതകത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് അഖിലയുടെ അമ്മ ചൈല്‍ഡ്‌ലൈന്‍ അധികൃതരെ വിളിച്ച് കുഞ്ഞിനെ രക്ഷിക്കാന്‍ സഹായം തേടിയിരുന്നു. ഇതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. എന്നാല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ല. റീനയ്ക്ക് മറ്റെന്തോ പ്രശ്‌നമാണ് എന്നാണ് ചൈല്‍ഡ് ലൈന്‍ ഹെല്‍പ് ലൈനില്‍നിന്ന് ലഭിച്ച മറുപടി. ഇതോടെ സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് വീഴ്ചയുണ്ടായെന്ന് വ്യക്തമായി.
പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അടിയന്തരമായി ഇടപെട്ടു. കുഞ്ഞിന്റെ കയ്യൊടിഞ്ഞ വിവരം അറിയിച്ചിട്ടും പരിശോധനയോ, തുടര്‍നടപടികളോ സ്വീകരിക്കാത്ത ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ടെലിഫോണ്‍ ഓപ്പറേറ്ററായ താത്കാലിക ജീവനക്കാരനെ പുറത്താക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
മേയ് മൂന്നിനാണ് റീന ചൈല്‍ഡ് ലൈനില്‍ വിളിച്ചത്. കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോ സഹിതം വിവരം അറിയിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ ഇത് നിസ്സാരമായി തള്ളിക്കളയുകയായിരുന്നു. കുഞ്ഞിനെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് അമ്മൂമ്മ ആവശ്യപ്പെട്ടെങ്കിലും അതിന് മാര്‍ഗമില്ലെന്നും കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് വിഷയം ഗൗരവത്തിലെടുക്കാതെ ജീവനക്കാരന്‍ ഒഴിഞ്ഞുമാറി. കുഞ്ഞിനെ വിട്ടു നല്‍കണമെന്ന് റീന ആവശ്യപ്പെട്ടെങ്കിലും അക്കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നു പറഞ്ഞ് ജീവനക്കാരന്‍ ഒഴിവാക്കുകയായിരുന്നു.
മേയ് 23നാണ് അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന കാമുകന്‍ അഷ്‌കറിന്റെ മര്‍ദനമേറ്റ് അര്‍ഷിദ് കൊല്ലപ്പെട്ടത്. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകളാണുണ്ടായിരുന്നത്. കുഞ്ഞ് കരഞ്ഞതാണ് പ്രകോപനമായതെന്നും ഭാവിയില്‍ കുട്ടി തനിക്ക് ബാധ്യതയാകുമെന്നും കരുതിയാണ് കൊലപാതകം ചെയ്തതെന്ന് അഷ്‌കര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.
