കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു; രാജി രാഷ്ട്രപതി സ്വീകരിച്ചു; സജീവ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്ന് സൂചന

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു; രാജി രാഷ്ട്രപതി സ്വീകരിച്ചു; സജീവ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്ന് സൂചന



ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു. രാജ്യസഭാ കാലാവധി കഴിഞ്ഞതോടെയാണ് രാജി. ജോര്‍ജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ ജോർജ് കുര്യന് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല.

മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായിരുന്ന ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2024 ജൂണ്‍ 9നാണ് ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണവകുപ്പിന്റെ സഹമന്ത്രിയായി ചുമതലയേറ്റത്. ഇനി സജീവ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് ജോര്‍ജ് കുര്യന്‍ മടങ്ങുമെന്നും കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താത്പര്യം ബിജെപി നേതൃത്വത്തിനെ അറിയിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം.

രാജിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജോര്‍ജ് കുര്യന്‍ നന്ദി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും മോദിജി പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രമാണ് തന്നെ മന്ത്രിയാക്കിയതെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി. ഇന്നലെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. രാജിക്കത്ത് ഇന്നലെ തന്നെ കൈമാറിയതാണ്. രാജി രാഷ്ട്രപതി അംഗീകരിച്ചു എന്നുമാണ് ജോര്‍ജ് കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ മനിര്‍വാഹക സമിതി അംഗം, കോര്‍കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്