കാസർഗോഡ് കളിക്കുന്നതിനിടെ വീടിന്റെ മതിലിടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു

കാസർഗോഡ് കളിക്കുന്നതിനിടെ വീടിന്റെ മതിലിടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു 


കാസർഗോഡ്: ജില്ലയിൽ പെയ്യുന്ന കനത്ത മഴയ്ക്കിടയിൽ അഡൂരിൽ വീടിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം (Kasaragod wall collapse accident). അഡൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് (PHC) സമീപം താമസിക്കുന്ന അബൂബക്കറിന്റെ മക്കളായ മുസമ്മിൽ (14), മുൻസിർ (10) എന്നീ സഹോദരങ്ങളാണ് മരണപ്പെട്ടത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞദിവസം കുട്ടികൾ വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പെട്ടെന്ന് ദുരന്തമുണ്ടായത്. കനത്ത മഴയിൽ കുതിർന്നുനിന്ന വലിയ ചെങ്കൽ മതിൽ പെട്ടെന്ന് കുട്ടികളുടെ ദേഹത്തേക്ക് തകർന്നു വീഴുകയായിരുന്നു. മതിൽ ഒടിഞ്ഞുവീണയുടൻ തന്നെ ഒരു കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസ്സുകാരനായ മറ്റൊരു കുട്ടിയെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാസർഗോഡ് ജില്ലയിൽ രാവിലെ മുതൽ തോരാതെ പെയ്യുന്ന ശക്തമായ മഴയാണ് മതിൽ ഇടിയാൻ കാരണമായത്. കുട്ടികളുടെ അപ്രതീക്ഷിത വിയോഗത്തിൽ അഡൂർ ഗ്രാമം ഒന്നടങ്കം കണ്ണീരിലായിരിക്കുകയാണ്