ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ രംഗത്ത്. പാസ്‌പോര്‍ട്ട് പൗരത്വരേഖ അല്ലെങ്കില്‍ പിന്നെ ഏത് രേഖയാണ് പൗരത്വം തെളിയിക്കാന്‍ ഉപയോഗിക്കുക എന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യം. ഇക്കാര്യം ഉന്നയിച്ച് രാജ്യസഭാ എംപി കപില്‍ സിബല്‍ രംഗത്തെത്തി. ഏത് രേഖയാണ് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കുന്നതെന്ന് കപില്‍ സിബല്‍ ചോദിച്ചു. എക്സിലായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. 'ഏത് രേഖയാണ് പിന്നെ പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കുക? ബിഎല്‍ഒയ്ക്ക് എന്റെ പൗരത്വത്തില്‍ സംശയം തോന്നാം. എന്റെ വോട്ട് നിഷേധിക്കാം. ഫലമോ, തെരഞ്ഞെടുപ്പിലെ ബിജെപി വിജയം', കപില്‍ സിബല്‍ പറഞ്ഞു. സുപ്രീം കോടതിയിലേക്ക് പോകുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.
വിഷയത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലേയും രംഗത്തെത്തി. 'നിങ്ങള്‍ ഇന്ത്യന്‍ പൗരരാണെന്ന് തെളിയിക്കാന്‍ ഒരു രേഖ പോലുമില്ല. അതുകൊണ്ട് നിങ്ങളുടെ പൗരത്വം തെളിയിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പട്ടാല്‍ നിങ്ങള്‍ക്ക് അതിന് സാധിക്കില്ല. മോദിയും ഷായും അവരുടെ കളിപ്പാവയായ ഗ്യാനേഷ് കുമാറും ഇന്ത്യ ഒട്ടാകെ എസ്ഐആര്‍ നടപ്പാക്കി. നിങ്ങള്‍ നിങ്ങളുടെ പൗരത്വം തെളിയിക്കാന്‍ പറഞ്ഞാല്‍ ഏത് രേഖയാണ് നിങ്ങള്‍ ഹാജരാക്കുക. നിങ്ങളുടെ വോട്ട് ഇല്ലാതാകും. നിങ്ങളുടെ പൗരത്വം സംശയത്തിലാകും', അദ്ദേഹം പറഞ്ഞു.
അടുത്ത പടി പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമില്‍ എന്‍ആര്‍സിക്ക് ശേഷം 19 ലക്ഷം ആളുകള്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായി. പേരിലെ പിഴവോ തിയ്യതിയിലെ പിഴവോ കാരണം പലരും 'വിദേശി'കളായി. സംസ്ഥാനങ്ങളില്‍ ഉടനീളം ബിജെപി തടവ് കേന്ദ്രങ്ങള്‍ പണിയുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'ഇന്ത്യന്‍ പൗരര്‍ ആണെന്ന് തെളിയിക്കാന്‍ സാധിക്കാത്തവരെ പാര്‍പ്പിക്കാനാണ് ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. നിങ്ങള്‍ ഇന്ത്യന്‍ പൗരരാണെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ ഒന്നും കൂടി ചിന്തിച്ചു നോക്കൂ. സര്‍ക്കാര്‍ നിങ്ങളോട് നിങ്ങള്‍ ഇന്ത്യന്‍ ആണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങളുടെ പൗരത്വം ആരാണ് തീരുമാനിക്കുന്നതെന്ന് ഓര്‍മിക്കണം- മോദി, അമിത് ഷാ, അവര്‍ തെരഞ്ഞെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷനുമാണത്', ഗോഖലേ പറഞ്ഞു.
നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്താണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ച് അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ മോദി-ഷാ കൂട്ടുകെട്ട് നിങ്ങളുടെ വോട്ട് ഡിലീറ്റ് ചെയ്ത് പൗരത്വം എടുത്ത് കളയുമെന്നും ഗോഖലേ പറഞ്ഞു. 'മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപി കോടികള്‍ നല്‍കി എംപിമാരെ വാങ്ങുന്നത് എന്തിനാണെന്നാണ് നിങ്ങള്‍ കരുതുന്നത്? ഭരണഘടന മാറ്റിയെഴുതാന്‍ പാര്‍ലമെന്റില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷം വേണം എന്നത് കൊണ്ടാണത്. ഒരു തവണ അവര്‍ക്ക് അതിന് സാധിച്ചാല്‍, അന്ന് ഇന്ത്യന്‍ ജനാധിപത്യം അവസാനിക്കും. ഇതിനെതിരെ നിങ്ങള്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തുമോ? അല്ലെങ്കില്‍ കണ്‍മുന്നില്‍ വെച്ച് നിങ്ങളുടെ അവകാശങ്ങള്‍ അവര്‍ ഇല്ലാതാക്കുന്നത് നിശബ്ദമായി കണ്ട് നില്‍ക്കുമോ?' അദ്ദേഹം ചോദിച്ചു. പാസ്പോര്‍ട്ട് നല്‍കുന്ന വ്യക്തി പൂര്‍ണമായും ഇന്ത്യന്‍ പൗരനാണെന്ന് ബോധ്യപ്പെടാതെയാണോ പാസ്പോര്‍ട്ട് നല്‍കുന്നതെന്ന് രചയിതാവ് ജാവേദ് അക്തറും ചോദിച്ചു.
വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍
പൗരത്വം തെളിയിക്കുന്ന രേഖയല്ല പാസ്‌പോര്‍ട്ട് എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വന്‍തോതില്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതോടെ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തി. 'പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല എന്നത് കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. ഈ നിലപാടില്‍നിന്ന് സര്‍ക്കാര്‍ മാറിയിട്ടില്ല', കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് സംബന്ധിച്ച വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് പുതിയതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്നത് കഴിഞ്ഞ ദിവസം തീരുമാനിച്ചതല്ലെന്നും പന്ത്രണ്ട് വര്‍ഷമായി ഇത് ഇങ്ങനെത്തന്നെ തുടരുന്ന ഒന്നാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാസ്‌പോര്‍ട്ട് നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വദേശകാര്യമന്ത്രാലയത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ ചെറുക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പൗരര്‍ അല്ലാത്തവര്‍ക്കും പാസ്‌പോര്‍ട്ട് നല്‍കാം എന്ന് പാസ്‌പോര്‍ട്ട് ആക്ട് 1967-ല്‍ പറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാസ്‌പോര്‍ട്ട് പൗരത്വത്തിനുള്ള രേഖയല്ല എന്ന് 2013-ലെ ബോംബൈ ഹൈക്കോടതിയുടെ വിധിയില്‍ പ്രത്യേകം പറയുന്നുണ്ട്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് പാസ്‌പോര്‍ട്ട് നല്‍കുന്നതെങ്കിലും നിയമപ്രകാരം അത് പൗരത്വത്തിനുള്ള രേഖയല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്‌പോര്‍ട്ട്, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് പൊതുജനങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇന്ത്യന്‍ നിയമപ്രകാരം പാസ്പോര്‍ട്ട് എന്നത് പ്രധാനമായും ഒരു രാജ്യാന്തര യാത്രാരേഖ മാത്രമാണ്. അന്താരാഷ്ട്ര യാത്രകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാരേഖ. അത് പൗരത്വത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും നിയമപരമായി പൗരത്വം തെളിയിക്കുന്ന സമ്പൂര്‍ണ രേഖയല്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.
ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഏതെല്ലാം?
അന്താരാഷ്ട്ര യാത്രകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാരേഖ. അത് പൗരത്വത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും നിയമപരമായി പൗരത്വം തെളിയിക്കുന്ന സമ്പൂര്‍ണ്ണ രേഖയല്ല. പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും പൗരത്വം കൃത്യമായി തെളിയിക്കുന്നില്ലെങ്കില്‍, യഥാര്‍ത്ഥത്തില്‍ പൗരത്വം തെളിയിക്കുന്ന രേഖ ഏതാണ്? ഏതെങ്കിലും ഒരു കാര്‍ഡല്ല ഇതിനുള്ള മറുപടി; മറിച്ച് 1955-ലെ പൗരത്വ നിയമവുമായി നേരിട്ട് ബന്ധപ്പെട്ട ചില നിയമാനുസൃത സര്‍ട്ടിഫിക്കറ്റുകളും മാതാപിതാക്കളുടെ പൗരത്വ രേഖകളും അടങ്ങിയ കൃത്യമായ ഒരു സംവിധാനമാണത്.
നിലവിലെ നിയമവ്യവസ്ഥയനുസരിച്ച്, ഏതാനും ചില രേഖകള്‍ മാത്രമാണ് ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്നത്. 1955-ലെ പൗരത്വ നിയമത്തിലെ 5, 6 വകുപ്പുകള്‍ പ്രകാരം ആഭ്യന്തര മന്ത്രാലയം നേരിട്ട് നല്‍കുന്ന 'നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ്' അല്ലെങ്കില്‍ 'രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്' ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ, നിയമപരമായ നടപടിക്രമങ്ങളിലൂടെ പൗരത്വം നേടിയ വിദേശികള്‍ക്കോ ഇന്ത്യന്‍ വംശജര്‍ക്കോ ആണ് ഈ സര്‍ട്ടിഫിക്കറ്റു നല്‍കുന്നത്.
ജനനം കൊണ്ട് ഇന്ത്യക്കാരായ ഭൂരിഭാഗം പേര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റാണ് പൗരത്വം തെളിയിക്കുന്ന അടിസ്ഥാന രേഖ. എന്നാല്‍, നിയമപരമായ ചില നിബന്ധനകള്‍ ഇതിനുണ്ട്. ഇന്ത്യയിലെ പൗരത്വ നിയമങ്ങളില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വന്നിട്ടുള്ളതിനാല്‍, ജനന സര്‍ട്ടിഫിക്കറ്റിന്റെ സാധുത ജനിച്ച വര്‍ഷത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. 1950 ജനുവരി 26-നും 1987 ജൂലായ് ഒന്നിനും ഇടയില്‍ ഇന്ത്യയില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകും. മാതാപിതാക്കളുടെ പൗരത്വം പരിഗണിക്കാതെ, ഇന്ത്യന്‍ മണ്ണില്‍ ജനിച്ചു എന്നത് മാത്രമാണ് അക്കാലത്ത് പൗരത്വത്തിനുള്ള അടിസ്ഥാനം.
1987 ജൂലായ് ഒന്നിനും 2004 ഡിസംബര്‍ മൂന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ജനനസമയത്ത് മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യക്കാരായിരുന്നു എന്ന് തെളിയിക്കുന്ന രേഖ കൂടി ആവശ്യമാണ്. 2004 ഡിസംബര്‍ മൂന്നിന് ശേഷം ജനിച്ചവര്‍ക്ക്, മാതാപിതാക്കള്‍ രണ്ടുപേരും ഇന്ത്യക്കാരാണെന്നോ അല്ലെങ്കില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റേയാള്‍ അനധികൃത കുടിയേറ്റക്കാരനല്ലെന്ന് തെളിയിക്കുന്ന രേഖയോ ഹാജരാക്കേണ്ടതുണ്ട്.
