
കണ്ണൂർ: പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ (Kannur Pilathara Gold Robbery). അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42) ആണ് പോലീസിന്റെ പിടിയിലായത്. ഉപ്പളയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പ്രതികൾ സഞ്ചരിക്കാൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ അക്രമികൾ തടഞ്ഞുനിർത്തി കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും 55 ലക്ഷം രൂപയും കവർന്നെടുക്കുകയായിരുന്നു. പ്രതികൾ കൃത്യം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വ്യാപകമായ അന്വേഷണത്തിലാണ് സനു സന്തോഷ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും ബാക്കി പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു
