
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് (Kerala Monsoon). തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ, പ്രത്യേകിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം. മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജൂൺ 28 രാവിലെ 5.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാലവർഷം ശക്തി പ്രാപിക്കുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളിൽ ഇതിനകം കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
