നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം, പാലക്കാട് കോളറ 'സ്ഥിരീകരിച്ചതിൽ' മന്ത്രി ഓഫീസിന് പാളി; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി


നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം, പാലക്കാട് കോളറ 'സ്ഥിരീകരിച്ചതിൽ' മന്ത്രി ഓഫീസിന് പാളി; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി


പാലക്കാട്: നിപയ്ക്ക് പിന്നാലെ കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ടും ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം. പാലക്കാട് കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ടാണ് പുതിയ ആശയക്കുഴപ്പം രൂപപ്പെട്ടിരിക്കുന്നത്. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം ആരോഗ്യമന്ത്രി കെ മുരളീധരന്‍റെ ഓഫീസ് അറിയിക്കുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് നേരിട്ട് സംസാരിച്ചപ്പോളും മന്ത്രി ഇതേ കാര്യം ആവർത്തിക്കുകയും ചെയ്തു. എന്നാൽ പാലക്കാട്ട് കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയം മാത്രമാണുള്ളതെന്നും വ്യക്തമാക്കി പാലക്കാട് ഡി എം ഒ രംഗത്തെത്തിയതോടെയാണ് വൻ ആശയക്കുഴപ്പമുണ്ടായത്. ഡി എം ഒയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയാസ്പദമായ കേസുകൾ മാത്രമാണെന്നും വ്യക്തമാക്കി മന്ത്രിയുടെ ഓഫീസും തിരുത്ത് വരുത്തി. നേരത്തെ കോഴിക്കോട് നിപ സ്ഥിരീകരണത്തിലും സമാനമായ ആശയക്കുഴപ്പം ഉണ്ടായിരുന്നു. നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞപ്പോൾ, ഉച്ചക്ക് മുന്നേ ഫലം കിട്ടിയെന്നും നിപ സ്ഥിരീകരിച്ചെന്നുമായിരുന്നു കോഴിക്കോട് കളക്ടർ എം എസ് മാധവിക്കുട്ടി അറിയിച്ചിരുന്നത്. ആരോഗ്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിയുടെ ഓഫീസും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് പ്രതിപക്ഷ വിമർശനം. അതേസമയം നിപ പ്രതിരോധം പാളിയെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെ കെ മുരളീധരൻ നാളെ കോഴിക്കോടെത്തും.

അതേസമയം സംസ്ഥാനത്ത് നിപ ആശങ്കയിൽ ആശ്വാസമായി ഇന്നത്തെ പരിശോധന ഫലം. സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജൂൺ 12 ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. സമ്പർക്ക പട്ടികയിൽ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ 4 പേരും, ഉയർന്ന റിസ്ക് വിഭാഗത്തിൽ 14 പേരും , കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 82 പേരും ഉൾപ്പെടെ നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളതെന്നും ആരോഗ്യമന്ത്രി വിവരിച്ചു