'വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം, അച്ഛന്‍ തുടങ്ങിവെച്ച പോരാട്ടത്തിന്റെ വിജയം, ഭരണകൂടങ്ങള്‍ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ല; കള്ളങ്ങള്‍ എത്ര തന്നെ മൂടിവെച്ചാലും, നിയമത്തിന്റെ വഴിയില്‍ സത്യം പുറത്തുവരിക തന്നെ ചെയ്യും'; വി എ അരുണ്‍കുമാര്‍

'വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം, അച്ഛന്‍ തുടങ്ങിവെച്ച പോരാട്ടത്തിന്റെ വിജയം, ഭരണകൂടങ്ങള്‍ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ല; കള്ളങ്ങള്‍ എത്ര തന്നെ മൂടിവെച്ചാലും, നിയമത്തിന്റെ വഴിയില്‍ സത്യം പുറത്തുവരിക തന്നെ ചെയ്യും'; വി എ അരുണ്‍കുമാര്‍



കോഴിക്കോട്: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ നിയമ നടപടി വൈകുന്നതില്‍ അതൃപ്തിയുമായി മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍. ഭരണകൂടങ്ങള്‍ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ലെന്ന് അടിവരയിടുന്ന കുറ്റപത്രമാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെയുള്ളതെന്ന് വി.എ.അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സാധാരണക്കാരായ പിന്നാക്ക വിഭാഗം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ വേണ്ടി വി.എസ് ആരംഭിച്ച വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടത്തിന്റെ വലിയൊരു വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് കടന്നുപോയ വഴികള്‍ അത്ര ലളിതമായിരുന്നില്ലെന്നും ഒരുകാലത്ത് 'തുടര്‍നടപടികള്‍ അവസാനിപ്പിച്ചു' എന്ന് കാണിച്ച് പൊലീസ് തന്നെ കേസ് അട്ടിമറിക്കാന്‍ നോക്കിയതാണെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഈ കേസുകള്‍ കൃത്യമായ വഴിയില്‍ മുന്നോട്ട് കൊണ്ടുപോകുമോ എന്ന് തീര്‍ച്ചയില്ലാത്ത പുതിയ ഭരണസംവിധാനങ്ങളുടെ നയങ്ങളും, മുന്‍പ് തന്നെ ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ഉയര്‍ത്തിയ വി.എം. സുധീരനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ വാക്കുകളും ഇന്ന് നമുക്ക് മുന്നിലുണ്ട്. അച്ഛന്‍ ബാക്കിവെച്ച ഈ നീതിപോരാട്ടങ്ങള്‍ അവസാന വിജയം കാണുന്നത് വരെ ഒരു മകന്‍ എന്ന നിലയില്‍ ഞാന്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ശ്രീ.വെള്ളാപ്പള്ളി നടേശനെതിരെ ഒടുവില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു. സാധാരണക്കാരായ പിന്നാക്ക വിഭാഗം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍, അവര്‍ക്കുവേണ്ടി അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടത്തിന്റെ വലിയൊരു വിജയമാണിത്. ഭരണകൂടങ്ങള്‍ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ലെന്ന് ഈ കുറ്റപത്രം അടിവരയിടുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് കടന്നുപോയ വഴികള്‍ അത്ര ലളിതമായിരുന്നില്ല. ഒരുകാലത്ത് 'തുടര്‍നടപടികള്‍ അവസാനിപ്പിച്ചു' എന്ന് കാണിച്ച് പോലീസ് തന്നെ ഈ കേസ് റഫര്‍ ചെയ്യാനും അട്ടിമറിക്കാനും നോക്കിയതാണ്. അച്ഛന്റെ പ്രായധിക്യവും ശാരീരിക അസ്വാസ്ഥ്യങ്ങളും മുതലെടുത്ത് നിയമപോരാട്ടത്തെ തളര്‍ത്താന്‍ നോക്കിയപ്പോള്‍, അച്ഛന്റെ നിര്‍ദ്ദേശപ്രകാരവും അദ്ദേഹത്തിന്റെ പ്രതിനിധിയായും കോടതികളില്‍ നേരിട്ട് ഹാജരാകേണ്ടി വന്ന നാളുകള്‍ എനിക്ക് നന്നായി ഓര്‍മ്മയുണ്ട്.

അന്ന് ഞാനെടുത്ത ഒരു നിലപാടുണ്ട്. 'ഈ കേസില്‍ എനിക്ക് വ്യക്തിപരമായ അജണ്ടകളൊന്നുമില്ല. ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അച്ഛന്റെ പോരാട്ടമാണിത്, അതിനൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്.' അന്ന് കോടതികളില്‍ സ്വീകരിച്ച അതേ നിലപാടില്‍ തന്നെയാണ് ഞാന്‍ ഇന്നും ഉറച്ചുനില്‍ക്കുന്നത്. ഇത് വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമല്ല, മറിച്ച് ചൂഷണങ്ങള്‍ക്കെതിരെയുള്ള ആദര്‍ശത്തിന്റെ പോരാട്ടമാണ്.

രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ മാറ്റുന്നതും, അധികാര ഇടനാഴികളില്‍ സ്വാധീനമുറപ്പിച്ച് കേസുകള്‍ അട്ടിമറിക്കാന്‍ നോക്കുന്നതുമൊക്കെ നാം കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരുകാലത്ത് ഭരണകൂടങ്ങള്‍ തന്നെ ഇത്തരം അഴിമതികള്‍ക്ക് പരോക്ഷമായി കുടപിടിച്ചപ്പോള്‍, അതിനെതിരെ ഒറ്റയാള്‍ പോരാട്ടം നവികാന്‍ വിഎസ് എന്ന വിപ്ലവകാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പോരാട്ടങ്ങളുടെ ശരിയാണ് ഇപ്പോള്‍ കോടതി മുറികളില്‍ തെളിയുന്നത്.

ഈ കേസുകള്‍ കൃത്യമായ വഴിയില്‍ മുന്നോട്ട് കൊണ്ടുപോകുമോ എന്ന് തീര്‍ച്ചയില്ലാത്ത പുതിയ ഭരണസംവിധാനങ്ങളുടെ നയങ്ങളും, മുന്‍പ് തന്നെ ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ഉയര്‍ത്തിയ വി.എം. സുധീരനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ വാക്കുകളും ഇന്ന് നമുക്ക് മുന്നിലുണ്ട്. അച്ഛന്‍ ബാക്കിവെച്ച ഈ നീതിപോരാട്ടങ്ങള്‍ അവസാന വിജയം കാണുന്നത് വരെ ഒരു മകന്‍ എന്ന നിലയില്‍ ഞാന്‍ ഒപ്പമുണ്ടാകും. കള്ളങ്ങള്‍ എത്ര തന്നെ മൂടിവെച്ചാലും, അധികാരത്തിന്റെ ഏത് തണലുണ്ടായാലും നിയമത്തിന്റെ വഴിയില്‍ സത്യം പുറത്തുവരിക തന്നെ ചെയ്യും.