സര്‍ക്കാര്‍ വാക്കുപാലിച്ചു, പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കം; കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ഇനി സ്ത്രീകള്‍ക്ക് യാത്ര സൗജന്യം; പുരുഷന്മാര്‍ക്ക് സൗജന്യം കൊടുത്താല്‍ പൈസ വീട്ടിലെത്തില്ലെന്ന് മുഖ്യമന്ത്രി; സര്‍ക്കാരിന് തന്നെ ആ പൈസ കിട്ടുമെന്ന് തമാശ; മെന്‍സ് അസോസിയേഷനും മറുപടി നല്‍കി വി ഡി സതീശന്‍

സര്‍ക്കാര്‍ വാക്കുപാലിച്ചു, പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കം; കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ഇനി സ്ത്രീകള്‍ക്ക് യാത്ര സൗജന്യം; പുരുഷന്മാര്‍ക്ക് സൗജന്യം കൊടുത്താല്‍ പൈസ വീട്ടിലെത്തില്ലെന്ന് മുഖ്യമന്ത്രി; സര്‍ക്കാരിന് തന്നെ ആ പൈസ കിട്ടുമെന്ന് തമാശ; മെന്‍സ് അസോസിയേഷനും മറുപടി നല്‍കി വി ഡി സതീശന്‍



തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി. പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസില്‍ തമ്പാനൂര്‍ മുതല്‍ പെരുമാതുറ വരെയാണ് പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. യാത്രയില്‍ മന്ത്രിമാര്‍ പങ്കാളികളായി.


കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ഉദ്ഘാടന സര്‍വീസിന്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്തു. തൃശ്ശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദര്‍ശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു. വിവിധി ജില്ലകളില്‍ മന്ത്രിമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍ഹവിച്ചു.


അതേസമയം സ്ത്രീകള്‍ക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതില്‍ പ്രതിഷേധിക്കുന്ന മെന്‍സ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. മെന്‍സ് അസോസിയേഷന്‍ പ്രതിഷേധം രസകരമാണ്. അവര്‍ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കില്‍ മിച്ചം വരുന്ന പൈസ വീട്ടില്‍ എത്തും. പക്ഷേ പുരുഷനാണെങ്കില്‍ ഈ പൈസ കുറച്ച് പേര് വീട്ടില്‍ കൊടുക്കും. ബാക്കി എവിടെപോകും, സര്‍ക്കാരിന് തന്നെ കിട്ടുമെന്ന് തമാശ കലര്‍ത്തി മുഖ്യമന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതി ഇത് സ്ത്രീകളോടുള്ള ആദരവ്. പദ്ധതി സര്‍ക്കാരിന് സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ ഒരു സമൂഹം പഠിക്കണണെന്നുള്ള ആഹ്വാനം കൂടിയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് ഈ ബസില്‍ യാത്ര തുടങ്ങുന്നത്. ഇത് വെറുമൊരു ബസ് യാത്രയല്ല, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിനം ഉയര്‍ത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കമാണ്. പുതുയുഗ കേരളത്തിലേക്കുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ണായക ചുവടുവയ്പ് കൂടിയാണ് ഈ യാത്ര.


പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും. പ്രത്യേകിച്ചും ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക്. ഇത്രയും നാള്‍ ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ. അത് ആ സ്ത്രീയുടെ ആത്മവിശ്വാസവും മനക്കരുത്തും വര്‍ധിപ്പിക്കും. നല്‍കിയ വാക്കുകളൊക്കെ പാലിക്കുക തന്നെ ചെയ്യും. കാരണം അതൊക്കെ കേരളത്തിലെ ജനങ്ങളോടാണ് ഞങ്ങള്‍ പറഞ്ഞത്. സമൂഹത്തിലെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് പുതുയുഗ കേരളത്തിലേക്കുള്ള യാത്രയില്‍ ഈ സര്‍ക്കാരിന്റെ നയമെന്നും സതീശന്‍ പറഞ്ഞു.


3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്ആര്‍ടിസി പുറത്തുവിട്ടത്. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാന്‍ജെന്‍ഡേഴ്സുമായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.


സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതിയിട്ടുണ്ടാകും.


യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പ്രകടന പത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തി. അധികാരത്തിലെത്തിയാല്‍ മെയ് പതിനഞ്ച് മുതല്‍ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.