കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഡ്രൈവര്‍ മരിച്ചനിലയില്‍; ജീവനൊടുക്കിയത് സസ്പെന്‍ഷനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് സൂചന

കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഡ്രൈവര്‍ മരിച്ചനിലയില്‍; ജീവനൊടുക്കിയത് സസ്പെന്‍ഷനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് സൂചന



കൊല്ലം: കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് ഡിപ്പോയിലെ ഗാരേജിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ മുകള്‍ നിലയിലെ ഓഫീസ് വരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷമുണ്ടായ സസ്പെന്‍ഷനും ഇതിനെത്തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

2025 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടന (ടി.ഡി.എഫ്.) നടത്തിയ സമരത്തില്‍ ബാബു പങ്കെടിത്തിരുന്നു. ഇതിന്റെ പേരില്‍ ബാബു ഉള്‍പ്പെടെ നാല് ജീവനക്കാരെയാണ് മാനേജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തോളം നീണ്ട സസ്പെന്‍ഷന്‍ കാലാവധിക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ബാബു വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്.

ഒരു വര്‍ഷത്തോളം ശമ്പളമില്ലാതെ കഴിഞ്ഞത് ബാബുവിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനിടെ ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയായതോടെ കുടുംബം വലിയ കടബാധ്യതകളിലേക്ക് നീങ്ങി. ജോലിയില്‍ തിരികെ പ്രവേശിച്ചെങ്കിലും പഴയ കടങ്ങളും സാമ്പത്തിക ബാധ്യതകളും കാരണം ബാബു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നു.

ഇതേത്തുടര്‍ന്നുള്ള നിരാശയാകാം ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെയും നിഗമനം. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.