ആറളം പഞ്ചായത്തിലെ പൊതിയോടം മുക്കിലെ ആൾത്താമസം ഇല്ലാത്ത പൂട്ടിയിട്ട പഴയ ആശുപത്രി കെട്ടിടത്തിന്റെ പരിസരത്തുനിന്നാണ് ബോംബ് കണ്ടെത്തിയത്

ആറളത്ത് 9 വർഷം മുൻപ് സ്റ്റീൽ ബോംബ് കണ്ടെടുത്ത സ്ഥലത്തുനിന്നും വീണ്ടും ബോംബ് കണ്ടെത്തി


ഇരിട്ടി :  ഒൻമ്പത് വർഷം മുൻമ്പ് സ്റ്റീൽ ബോംബ് കണ്ടെത്തിയ സ്ഥലത്തു നിന്നും വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി.  ആറളം പഞ്ചായത്തിലെ പൊതിയോടം മുക്കിലെ ആൾത്താമസം ഇല്ലാത്ത ഡോ. പി. വേലായുധന്റെ പൂട്ടിയിട്ട പഴയ ആശുപത്രി കെട്ടിടത്തിന്റെ പരിസരത്തുനിന്നാണ് ബോംബ് കണ്ടെത്തിയത്. കെട്ടിടം വൃത്തിയാക്കുന്നതിനിടയിൽ ടോയ്‌ലറ്റ് പിൻഭാഗത്ത് നിർമ്മാണ പ്രവൃത്തികൾ നടക്കുമ്പോഴാണ് തൊഴിലാളികൾ പഴക്കം ചെന്ന് ദ്രവിച്ചു തുടങ്ങിയ ബോംബ് കണ്ടെത്തിയത് . തുടർന്ന് ആറളം പോലീസിനെ വിവരം അറിയിക്കുക ആയിരുന്നു . 2017-ൽ  ഇതേ പുരയിടത്തിൽ നിന്നും മൂന്ന് സ്റ്റീൽ ബോംബ് കണ്ടെത്തിയിരുന്നു. അതേ സീരിയലിൽ പെട്ട പഴക്കം ചെന്ന സ്റ്റീൽ ബോംബ് തന്നെ ആകാനാണ് സാധ്യത എന്നാണ് പോലീസ് പറയുന്നത്. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി .കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായി പഴയ ടോയ്‌ലറ്റിന്റെ ഭാഗം പൊളിച്ചുനീക്കുന്നതിനിടയിലാണ് ബോംബ് ശ്രദ്ധയിൽപ്പെടുന്നത്. തൂമ്പക്കൊണ്ടോ മറ്റോ കൊത്തിപ്പോയിരുന്നുവെങ്കിൽ അപകടം സംഭവിക്കുമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായി എതിരാളികളെ ലക്ഷ്യംവെച്ച് കൊണ്ടുവന്ന് സൂക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.