
കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി പുത്തലത്ത് ബബീഷിന്റെ മകള്‍ നിള ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഷിഗല്ല (shigella) വിഭാഗത്തില്‍പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍ ഇത് സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.
മുന്‍കരുതലുകള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക
കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക
രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക
പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക
ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ ഈച്ച ശല്യം ഒഴിവാക്കുക
ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങള്‍ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം.
ലക്ഷണങ്ങള്‍
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാല്‍ വയറിളക്കമുണ്ടാവുമ്പോള്‍ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു.
