സിസിടിവി ക്യാമറയുടെ കണ്ണുകെട്ടാന്‍ മുന്നില്‍ മറയായി നില്‍ക്കും; നോട്ടുകെട്ടുകള്‍ വസ്ത്രത്തിനുള്ളിലാക്കി ശുചിമുറിയില്‍ ഒളിപ്പിക്കും! ഭക്തര്‍ക്കായി തുറന്നുകൊടുത്ത അന്നുമുതല്‍ അയോധ്യ രാമക്ഷേത്രത്തില്‍ പകല്‍ക്കൊള്ള! നോട്ടെണ്ണല്‍ സംഘത്തിന്റെ ബുദ്ധി കണ്ട് ഞെട്ടി SIT

സിസിടിവി ക്യാമറയുടെ കണ്ണുകെട്ടാന്‍ മുന്നില്‍ മറയായി നില്‍ക്കും; നോട്ടുകെട്ടുകള്‍ വസ്ത്രത്തിനുള്ളിലാക്കി ശുചിമുറിയില്‍ ഒളിപ്പിക്കും! ഭക്തര്‍ക്കായി തുറന്നുകൊടുത്ത അന്നുമുതല്‍ അയോധ്യ രാമക്ഷേത്രത്തില്‍ പകല്‍ക്കൊള്ള! നോട്ടെണ്ണല്‍ സംഘത്തിന്റെ ബുദ്ധി കണ്ട് ഞെട്ടി SIT

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച കാണിക്കപ്പണവും സ്വര്‍ണാഭരണങ്ങളും ആസൂത്രിതമായി തട്ടിയെടുത്ത കേസില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രത്യേക അന്വേഷണ സംഘം (SIT) സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ക്ഷേത്രത്തിനുള്ളില്‍ നടന്ന വന്‍ കൊള്ളയുടെ ചുരുളഴിയുന്നത്. ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ 500 രൂപ നോട്ടുകളുടെ കെട്ടുകളില്‍ പതിവായി വലിയ കുറവുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ട ട്രസ്റ്റ് അധികാരികള്‍, പണം എണ്ണുന്ന മുറിയില്‍ ആരുമറിയാതെ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. കേസ് വലിയ വിവാദമായതിനെത്തുടര്‍ന്ന് രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായിയും അനില്‍ മിശ്രയും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം രാജിവെച്ചിട്ടുണ്ട്.

പണം എണ്ണുന്ന ജീവനക്കാര്‍ തന്നെ അതീവ രഹസ്യമായി കൃത്യമായ ആസൂത്രണത്തോടെയാണ് കോടികള്‍ കൈക്കലാക്കിയത്. പ്രധാനമായും രണ്ട് രീതികളിലായിരുന്നു ഇവരുടെ മോഷണം. പണം എണ്ണുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പ്രതികളില്‍ ഒരാള്‍ മുറിയിലെ സിസിടിവി ക്യാമറയ്ക്ക് മുന്നില്‍ ബോധപൂര്‍വ്വം മറയായി തിരിഞ്ഞു നില്‍ക്കുകയും, ഈ സമയം കൂടെയുള്ളവര്‍ നോട്ടുകെട്ടുകളില്‍ നിന്ന് വലിയ തുകകള്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുകയുമായിരുന്നു പതിവ്. കൂടാതെ, ബാങ്കിലേക്ക് പണം അയക്കുന്നതിന് മുന്‍പ് ഇവര്‍ ഓരോ നോട്ടുകെട്ടുകളിലും അധിക നോട്ടുകള്‍ തിരുകിക്കയറ്റും. ബാങ്ക് ഉദ്യോഗസ്ഥര്‍ ആകെ കെട്ടുകളുടെ എണ്ണം മാത്രം നോക്കി വൗച്ചര്‍ ഒപ്പിടുമ്പോള്‍ ഓരോ കെട്ടിലുമുള്ള നോട്ടുകളുടെ എണ്ണം കൃത്യമായി പരിശോധിക്കാതിരുന്നതും പ്രതികള്‍ക്ക് തുണയായി. ഇങ്ങനെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്ന പണം ആദ്യം ക്ഷേത്ര സമുച്ചയത്തിനകത്തുള്ള ശുചിമുറികളിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് അനുയോജ്യമായ അവസരം നോക്കി ഇവ പുറത്തേക്ക് കടത്തുകയും രഹസ്യ കേന്ദ്രത്തില്‍ വെച്ച് വീതം വെക്കുകയുമായിരുന്നു.

ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്ത 2024 മുതല്‍ തന്നെ ഈ തട്ടിപ്പ് സംഘം സജീവമായിരുന്നുവെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഈ വര്‍ഷം ഏപ്രില്‍ 27-നും ജൂണ്‍ 5-നും ഇടയില്‍ മാത്രം എഴുപതോളം കവര്‍ച്ചകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പണത്തിന് പുറമെ ഭക്തര്‍ രാംലല്ല വിഗ്രഹത്തിന് സമര്‍പ്പിച്ച കമ്മലുകള്‍, മൂക്കുത്തികള്‍, വളകള്‍, പാദസരങ്ങള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളും പ്രതികള്‍ കവര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്ന് ഏതാണ്ട് 7 മുതല്‍ 7.5 കോടി രൂപ വരെ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗികമായ അന്തിമ കണക്കുകള്‍ക്കായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. നിലവില്‍ പ്രതികളില്‍ നിന്ന് 70 ലക്ഷത്തോളം രൂപ മാത്രമാണ് വീണ്ടെടുത്തിട്ടുള്ളത്. തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നിരവധി ബാങ്ക് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും നിലവില്‍ നിഴലിലാണ്.

കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളില്‍ ഭൂരിഭാഗവും വലിയ സ്വാധീനങ്ങളുടെയും ശുപാര്‍ശകളുടെയും ബലത്തിലാണ് ജോലിയില്‍ പ്രവേശിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ എന്നിവരാണ് ഈ ആകെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്മാര്‍. മറ്റുള്ളവരെ ഈ ശൃംഖലയിലേക്ക് റിക്രൂട്ട് ചെയ്തതും പണം എണ്ണുന്നതിനുള്ള ചുമതലകള്‍ വിഭജിച്ചു നല്‍കിയതും ശ്രീവാസ്തവയായിരുന്നു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായുടെ ഡ്രൈവറായ തിന്നു യാദവിന്റെ സ്വാധീനത്തിലാണ് പ്രതിയായ മനീഷ് യാദവ് ജോലിയില്‍ കയറിയത്. മറ്റൊരു പ്രതിയായ ലവ്കുഷ് മിശ്ര തന്റെ ഭാര്യാസഹോദരനും കേസില്‍ അറസ്റ്റിലായതുമായ അനുകല്‍പ് മിശ്ര വഴിയാണ് ഈ സംഘത്തില്‍ ചേര്‍ന്നത്. അവിനാഷ് ശുക്ല, കരുണേഷ് പാണ്ഡെ, രാമശങ്കര്‍ മിശ്ര എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. ഇതില്‍ മിശ്രയുടെ വീട്ടില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെത്തുകയും, അവിനാഷ് ശുക്ല മോഷ്ടിച്ച പണം സ്വന്തം ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങളിലുണ്ടായ ഗുരുതരമായ വീഴ്ചകളാണ് തട്ടിപ്പിന് ആക്കം കൂട്ടിയതെന്ന് എസ്ഐടി റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നു. പണം എണ്ണുന്ന ജീവനക്കാര്‍ എല്ലാ ദിവസവും ജോലി കഴിഞ്ഞ് പുറത്തുപോകുമ്പോള്‍ അവരെ ആരും ദേഹപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. സിസിടിവി കവറേജ് അപര്യാപ്തമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ വെറും കടലാസിലൊതുങ്ങി കേവലം ചടങ്ങായി മാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ക്ഷേത്ര ട്രസ്റ്റിന്റെ ആഭ്യന്തര ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍, കാണിക്കവഞ്ചികളുടെ എണ്ണവും രേഖകളും തമ്മില്‍ വലിയ വ്യത്യാസങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാണിക്കകളുടെ തരംതിരിക്കലിലെ പ്രശ്‌നങ്ങളും രേഖകള്‍ സൂക്ഷിക്കുന്നതിലെ വീഴ്ചകളും മുന്‍പേ തിരിച്ചറിഞ്ഞിട്ടും ട്രസ്റ്റ് അധികൃതര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാതെ അവഗണിക്കുകയായിരുന്നു. കേസില്‍ കുറ്റവാളികളായ ആരെയും വെറുതെ വിടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.