പല തവണ അവൻ സൂചിപ്പിച്ചു, മാറ്റിച്ചേർക്കാമെന്ന് അച്ഛൻ സമാധാനിപ്പിച്ചു, മാനസികമായി തകർന്ന 12 കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അധ്യാപകർക്കെതിരെ കേസ്

പല തവണ അവൻ സൂചിപ്പിച്ചു, മാറ്റിച്ചേർക്കാമെന്ന് അച്ഛൻ സമാധാനിപ്പിച്ചു, മാനസികമായി തകർന്ന 12 കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അധ്യാപകർക്കെതിരെ കേസ്


ബെംഗളൂരു: സ്കൂൾ അധികൃതരുടെയും അധ്യാപകരുടെയും ക്രൂരമായ മർദ്ദനത്തെയും മാനസിക പീഡനത്തെയും തുടർന്ന് ബെംഗളൂരുവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെംഗളൂരുവിലെ സെന്‍റ് ഫിലോമിന സ്കൂളിലെ വിദ്യാർത്ഥിയായ സമർത്ഥ് ആണ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിലായത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ സ്കൂളിന്‍റെ ഫൗണ്ടർ സെക്രട്ടറി രംഗസ്വാമി, പ്രിൻസിപ്പൽ, ഏതാനും അധ്യാപകർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ പിതാവും പലചരക്ക് വ്യാപാരിയുമായ മഹേഷ് കുമാർ നൽകിയ പരാതിയിലാണ് നടപടി.ജൂലൈ 14-ന് കുട്ടി സ്കൂളിൽ പോയ സമയത്ത് സ്കൂൾ ഫൗണ്ടർ സെക്രട്ടറി രംഗസ്വാമി, പ്രിൻസിപ്പൽ, രണ്ട്-മൂന്ന് അധ്യാപകർ എന്നിവർ ചേർന്ന് കുട്ടിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ കൃത്യമായ കാരണം പരാതിയിൽ വ്യക്തമല്ല. മർദ്ദനമേറ്റതിന്റെ ശാരീരിക വേദനയും ഭയവും താങ്ങാനാവാതെ അന്നുതന്നെ വൈകുന്നേരത്തോടെ കുട്ടി വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. തനിക്ക് സ്കൂളിൽ പോകാൻ പേടിയാണെന്ന് മുൻപും സമർത്ഥ് പലതവണ വീട്ടുകാരോട് പറഞ്ഞിരുന്നു. അധ്യാപകരും പ്രിൻസിപ്പലും സ്കൂൾ മാനേജ്‌മെന്റും മാത്രമല്ല, സഹപാഠികളുടെ രക്ഷിതാക്കളിൽ ചിലരും ചേർന്ന് തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി കുട്ടി വെളിപ്പെടുത്തിയിരുന്നു. ഈ അധ്യയന വർഷത്തിൽ ഏഴാം ക്ലാസ് പൂർത്തിയാകുന്നതോടെ അടുത്ത വർഷം മറ്റൊരു സ്കൂളിലേക്ക് മാറ്റി ചേർക്കാമെന്ന് പിതാവ് മഹേഷ് കുമാർ കുട്ടിയെ ആശ്വസിപ്പിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്.സ്കൂളുകളിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ഇത്തരം ക്രൂരമായ ശാരീരിക ശിക്ഷകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് പരാതി നൽകിയിരിക്കുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.<