
ഗാങ്‌ടോക്ക്: സിക്കിമിലെ നാംചി ജില്ലയില്‍ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. കോട്ടയം സ്വദേശിയായ മലയാളി യുവാവിനെ അടക്കം അഞ്ചു പേരെ കാണാതായി. കോട്ടയം പാമ്പാടി കൂരോത്തുപറമ്പില്‍ അനീഷ് മോഹനെ (43) യാണ് കാണാതായത്. തുരങ്കത്തില്‍ കുടുങ്ങിയ ഇവരെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. സിക്കിമില്‍ ജിയോളജസിറ്റായി പ്രവര്‍ത്തിക്കുകയായിരുന്നു മണ്ണാര്‍കാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹന്‍ (43). കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്‍ (എന്‍എച്ച്പിസി) സിക്കിം യൂണിറ്റിന്റെ മാനേജരാണ് അനീഷ്.
2010 മുതല്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു അനീഷ്. നിലവില്‍ റിമോട്ട് സെന്‍സിംഗ് വിഭാഗം മാനേജറാണ്. അപകട വിവരമറിഞ്ഞ് ഡല്‍ഹിയിലുള്ള അനീഷിന്റെ ഭാര്യ സംഗീത സിക്കിമിലേക്കു പുറപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ മണ്ണിടിച്ചിലുണ്ടായതെന്നാണ് വിവരം. അപകടത്തിന് പിന്നലെ മീഥൈന്‍ വാതകം ചോര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായി.
തിങ്കളാഴ്ച രാത്രിയോടെയാണ് അപകട വിവരം നാട്ടിലുള്ള ബന്ധുക്കള്‍ അറിയുന്നത്. അനീഷിന്റെ മാതാപിതാക്കള്‍ മാത്രമാണ് നിലവില്‍ കോട്ടയത്തെ വീട്ടിലുള്ളത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദുബായിലുള്ള അനീഷിന്റെ സഹോദരനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. തെക്കന്‍ സിക്കിമിലെ സമര്‍ഡൂങ്ങില്‍ ടീസ്റ്റ ജലവൈദ്യുതപദ്ധതി പദ്ധതിക്കുവേണ്ടി എന്‍എച്ച്പിസി നിര്‍മിക്കുന്ന തുരങ്കമാണു തകര്‍ന്നത്. അണക്കെട്ടില്‍നിന്നു വൈദ്യുതോല്‍പാദനത്തിനായി വെള്ളമെത്തിക്കാന്‍ മലകള്‍ തുരന്നു നിര്‍മിക്കുന്ന കൂറ്റന്‍ തുരങ്കമാണിത്. ഭൂമിക്കടിയില്‍ പാറ തുരക്കുന്നതിനിടെ മീഥൈന്‍ വാതകച്ചോര്‍ച്ച മൂലമുണ്ടായ സ്‌ഫോടനമാണ് തുരങ്കം തകരാന്‍ കാരണമെന്നാണു വിവരം.
അപകടസമയത്ത് തുരങ്കത്തില്‍ അനീഷും മറ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം 25 പേരുണ്ടായിരുന്നു. ഖനിയപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബംഗാളില്‍നിന്നുള്ള വിദഗ്ധരുടെ സംഘവും സംഭവസ്ഥലത്തെത്തി. വാതകച്ചോര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ സിക്കിം സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും.
