ശ്രീനഗര്‍: സോഷ്യല്‍ മീഡിയ പ്രണയങ്ങള്‍ രാജ്യങ്ങളുടെ അതിരുകള്‍ ഭേദിക്കാറുണ്ടെങ്കിലും, ഇന്ത്യ-പാക് അതിര്‍ത്തിയിലെ കടുപ്പമേറിയ നിയന്ത്രണരേഖകള്‍ പോലും പ്രണയത്തിന് മുന്നില്‍ വഴിമാറുമെന്ന പ്രതീക്ഷയിലാണ് ആ ഇരുപത്തിരണ്ടുകാരന്‍ ജീവന്‍ പണയംവെച്ച് അതിര്‍ത്തി കടന്നത്. എന്നാല്‍, ആ പ്രണയകഥയ്ക്ക് ഒടുവില്‍ ശുഭപര്യവസാനമല്ല ഉണ്ടായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകിയെ നേരില്‍ കാണാനും പൂര്‍വ്വികരുടെ മണ്ണില്‍ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുമായി അതിര്‍ത്തി കടന്നെത്തിയ പാക് അധീന കശ്മീര്‍ സ്വദേശിയായ സീഷാന്‍ മീര്‍ എന്ന യുവാവിനെ ഇന്ത്യന്‍ സൈന്യം ഒടുവില്‍ പാകിസ്ഥാന് കൈമാറി. 2026 ജൂലൈ 4 ശനിയാഴ്ച ഉച്ചയ്ക്ക് 12:24-ഓടെ ഉറി സെക്ടറിലെ കമാന്‍ അമന്‍ സേതുവില്‍ വെച്ചാണ് പാക് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇയാളെ ഔദ്യോഗികമായി കൈമാറിയത്. കഴിഞ്ഞ മേയ് 31-നായിരുന്നു അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ സീഷാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണങ്ങള്‍ക്കും നടപടികള്‍ക്കും ശേഷമാണ് സൈന്യം വിവരം എക്‌സ് പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടത്.
കുടുംബം പുലര്‍ത്താനും സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കാനുമുള്ള നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ മൂലം കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു സീഷാന്‍ മീര്‍. ഈ കഠിനമായ സാഹചര്യങ്ങള്‍ക്കിടയിലാണ് സ്നാപ്ചാറ്റ് വഴി കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള തുല്‍വാരി ഗ്രാമവാസിയായ ഇറും ബാനോ എന്ന യുവതിയെ സീഷാന്‍ പരിചയപ്പെടുന്നത്. ഇരുവരുടെയും സൗഹൃദം അതിവേഗം തീവ്രമായ പ്രണയമായി മാറി. നിരന്തരമായ ചാറ്റിങ്ങുകള്‍ക്കിടയിലാണ് സീഷാന്റെ പൂര്‍വ്വികര്‍ പണ്ട് ഇറും ബാനോ ഇപ്പോള്‍ താമസിക്കുന്ന അതേ ഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നതെന്ന അപ്രതീക്ഷിത വിവരവും ഇരുവരും തിരിച്ചറിയുന്നത്. തന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥയും കഷ്ടപ്പാടുകളും സീഷാന്‍ പങ്കുവെച്ചപ്പോള്‍, മനസ്സലിഞ്ഞ ഇറും അതിര്‍ത്തി കടന്ന് തന്റെ ഗ്രാമത്തിലേക്ക് പോരാന്‍ സീഷാനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തികച്ചും നാടകീയമായ ഒരു പദ്ധതി തയ്യാറാക്കി. അതിര്‍ത്തി കടന്നയുടന്‍ നേരിട്ട് ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങാനായിരുന്നു പ്ലാന്‍. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനുള്ള നിയമപരമായ ശിക്ഷ എന്തായാലും അത് പൂര്‍ണ്ണമായി ജയിലില്‍ കിടന്ന് അനുഭവിച്ചു തീര്‍ക്കുക, ജയില്‍ മോചിതനായ ശേഷം ഇറും താമസിക്കുന്ന അതേ ഗ്രാമത്തിലുള്ള തന്റെ പൂര്‍വ്വികരുടെ സ്വത്തിന്മേല്‍ നിയമപരമായി അവകാശവാദം ഉന്നയിക്കുക, ഒടുവില്‍ അവിടെ സ്ഥിരതാമസമാക്കി ഒന്നിച്ചു ജീവിക്കുക എന്നതായിരുന്നു കാമുകി നിര്‍ദ്ദേശിച്ച വഴി. ഈ ഉറപ്പിലാണ് സീഷാന്‍ നിയന്ത്രണരേഖ മറികടക്കാന്‍ തുനിഞ്ഞിറങ്ങിയത്. എന്നാല്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ മേയ് മാസത്തില്‍ ഉറി സെക്ടറില്‍ വെച്ച് ഇന്ത്യന്‍ സൈന്യം ഇയാളെ പിടികൂടി.
ചോദ്യം ചെയ്യലില്‍ സീഷാന്‍ മീര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്നറിയാന്‍ സുരക്ഷാ ഏജന്‍സികള്‍ ഇറും ബാനോയെ വിളിപ്പിച്ചു വിവരങ്ങള്‍ തേടിയിരുന്നു. സീഷാന്റെ മൊഴി ശരിവച്ച യുവതി, തന്റെ കാമുകനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് അധികൃതരോട് കണ്ണീരോടെ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അതിര്‍ത്തി സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവും മുന്‍നിര്‍ത്തി കര്‍ശനമായ പരിശോധനകളാണ് അധികൃതര്‍ നടത്തിയത്.
ഈ സംഭവത്തിന് പിന്നില്‍ മറ്റ് ബാഹ്യ ഇടപെടലുകളോ അട്ടിമറികളോ ചാരപ്രവര്‍ത്തനങ്ങളോ ഇല്ലെന്ന് വിവിധ സുരക്ഷാ ഏജന്‍സികള്‍ പൂര്‍ണ്ണമായി ഉറപ്പുവരുത്തി. അതിനുശേഷമാണ് നിയമപരമായ നടപടികളിലേക്ക് കടന്നതും യുവാവിനെ മാനുഷിക പരിഗണനയോടെ തിരിച്ചയക്കാന്‍ തീരുമാനിച്ചതും. ഇന്ത്യയില്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന സമയത്ത് തികച്ചും മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തി, അര്‍ഹമായ പരിഗണനയോടും പരിചരണത്തോടും കൂടിയാണ് സീഷാനോട് പെരുമാറിയതെന്ന് സൈന്യത്തിന്റെ ചീനാര്‍ കോര്‍പ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
